NEWSROOM

'തിന്മയുടെ ശക്തികളോടുള്ള' പോരാട്ടമാണ് നയിക്കുന്നത്; ക്രിസ്മസ് ആശംസയിലും യുദ്ധത്തെ കൂട്ടിക്കെട്ടി നെതന്യാഹു

ഗാസയിലെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ ക്രിസ്മസാണിത്

Author : ന്യൂസ് ഡെസ്ക്

ക്രിസ്മസ് ആശംസയില്‍ 'തിന്മയുടെ ശക്തികൾ'ക്കെതിരായ ഇസ്രയേലിന്റെ പോരാട്ടത്തിന് ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ ഉറച്ച പിന്തുണ ലഭിക്കുന്നുവെന്ന് അവകാശപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു. വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ആശംസകള്‍ അറിയിച്ചത്. 

"ഞങ്ങളുമായി സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും ഞങ്ങൾ സമാധാനത്തിനായി പരിശ്രമിക്കുന്നു. പക്ഷേ ഒരേയൊരു ജൂത രാഷ്ട്രത്തെ പ്രതിരോധിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും," നെതന്യാഹു പറഞ്ഞു. "തിന്മയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ശക്തികൾക്കെതിരായ പോരാട്ടത്തിൽ ഇസ്രയേൽ ലോകത്തെ നയിക്കുന്നു. പക്ഷേ ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല," അദ്ദേഹം പറഞ്ഞു. "സമാധാന നഗരമായ ജറുസലേമിൽ നിന്ന്, നിങ്ങൾക്ക് സന്തോഷകരമായ ക്രിസ്മസും പുതുവത്സരാശംസകളും നേരുന്നു."

ഗാസയിലെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ ക്രിസ്മസാണിത്. 2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഗാസയിലെ യുദ്ധം ഇസ്രയേലിലെയും പലസ്തീൻ പ്രദേശങ്ങളിലെയും ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇസ്രയേലിന്‍റെ സൈനിക നീക്കത്തിൽ ഇതുവരെ കുറഞ്ഞത് 45,317 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.



ഇസ്രയേലിൽ ഏകദേശം 185,000 ക്രിസ്ത്യന്‍ മതവിശ്വാസികളാണ് താമസിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 1.9 ശതമാനം ആണിത്. രാജ്യത്തെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇവരില്‍ ഏകദേശം 76 ശതമാനവും അറബ് ക്രിസ്ത്യാനികളാണ്. പലസ്തീൻ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, ഗാസ മുനമ്പ് ഉൾപ്പെടെയുള്ള പലസ്തീൻ പ്രദേശങ്ങളിൽ ഏകദേശം 47,000 ക്രിസ്ത്യാനികളാണ് താമസിക്കുന്നത്.

SCROLL FOR NEXT