ഗാസയിലെ വ്യോമാക്രമണത്തിൽ ട്രംപിൻ്റെ പിന്തുണക്ക് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസിഡന്റ് ട്രംപിന്റെ "അചഞ്ചലമായ പിന്തുണയ്ക്ക്" നന്ദി. ഹമാസിനെ നശിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ദൗത്യം തുടരും. ഇസ്രയേൽ വിജയിക്കും. ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കുമെന്നും എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ആക്രമണം നടത്തുന്നത് സംബന്ധിച്ച് ഇസ്രയേല്‍ ട്രംപ് ഭരണകൂടവുമായി കൂടിയാലോചന നടത്തിയിരുന്നതായി നേരത്തെ വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
"ഈ യുദ്ധത്തിൻ്റെ ഉത്തരവാദി ഹമാസ് ആണ്. അവർ നമ്മുടെ പട്ടണങ്ങൾ ആക്രമിച്ചു, നമ്മുടെ ആളുകളെ കൊലപ്പെടുത്തി, സ്ത്രീകളെ ബലാത്സംഗം ചെയ്തു, പ്രിയപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി. നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള വാഗ്ദാനം ഹമാസ് നിരസിച്ചു. ഹമാസ് നിലപാട് മാറ്റുമെന്ന പ്രതീക്ഷയിൽ സൈനിക നടപടി ആരംഭിക്കുന്നതിൽ നിന്ന് രണ്ടാഴ്ചത്തേക്ക് ഇസ്രയേൽ വിട്ടുനിന്നു" അദ്ദേഹം പറഞ്ഞു.
ആക്രമണം ലക്ഷ്യവെച്ചത് പലസ്തീൻ ജനതയെ അല്ല മറിച്ച് ഹമാസ് തീവ്രവാദികളെയാണ്. ഹമാസുമായുള്ള ബന്ധം പലസ്തീൻ ജനത അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. ഹമാസിനെ ഇല്ലാതാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കും. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം, ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. 600ലേറെ പേർക്ക് പരിക്കേറ്റു. ഹമാസ് നേതാവും ഗാസ ഉപ ആഭ്യന്തരമന്ത്രിയുമായ മഹ്മൂദ് അബു വഫ അടക്കം നാല് മുതിർന്ന ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ട ഇസ്രയേൽ വ്യോമാക്രമണത്തെ ഐക്യരാഷ്ട്രസഭാ അപലപിച്ചു.