NEWSROOM

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ആനന്ദ് ഏകര്‍ഷിയുടെ ആട്ടം മികച്ച ചിത്രം

മൂന്ന് ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ആട്ടം ഇത്തവണ സ്വന്തമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

2022ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി മലയാള ചിത്രം ആട്ടം. മികച്ച ചിത്രം അടക്കം മൂന്ന് ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ആട്ടം ഇത്തവണ സ്വന്തമാക്കിയത്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളില്‍ കൂടിയാണ് പുരസ്‌കാരം ലഭിച്ചത്.

മികച്ച ചിത്രം എന്ന വിഭാഗത്തിന് പുറമേ ചിത്രത്തിന്റെ എഡിറ്റിംഗിന് മഹേഷ് ഭുവനേന്ദിനും തിരക്കഥയ്ക്ക് ആനന്ദ് ഏകര്‍ഷിക്കുമാണ് പുരസ്‌കാര നേട്ടം.

ലോസ് ആഞ്ചലസിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലായ ഐഎഫ്എഫ്എല്‍എ, ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവല്‍, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവിടങ്ങിലൊക്കെ ആട്ടം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2023ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും ആട്ടത്തിന് നേരത്തെ ലഭിച്ചിരുന്നു. മികച്ച ചിത്രം, മികച്ച സഹനടന്‍, ബെസ്റ്റ് ആക്ടര്‍ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരം ലഭിച്ചിരുന്നു.


സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളും അത് തുറന്നു പറയുമ്പോള്‍ സ്ത്രീകള്‍ തന്നെ പലപ്പോഴും കുറ്റം ചെയ്തവരാകുന്നതും കൃത്യമായി അവതരിപ്പിച്ച ചിത്രമായിരുന്നു ആട്ടം. വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രം കൂടിയായ ആട്ടത്തിലെ വിനയ് ഫോര്‍ട്ട്, സരിന്‍ ഷാഹിബ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ അഭിനയം ഏറെ ചര്‍ച്ചയായിരുന്നു.

2019ല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മികച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ഇതിന് ശേഷമാണ് 2022ല്‍ വീണ്ടുമൊരു മലയാള ചിത്രം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. 2010ല്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിനും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

SCROLL FOR NEXT