NEWSROOM

"തമിഴ്‌നാടിനോടുള്ള വഞ്ചന"; കാവേരി നദിയിലെ ജലം വിട്ടുനൽകില്ലെന്ന കർണാടക സർക്കാർ തീരുമാനത്തിനെതിരെ എം.കെ. സ്റ്റാലിൻ

ജൂലൈ 12 മുതൽ 31 വരെ എല്ലാ ദിവസവും ഒരു ടിഎംസി അടി വെള്ളം വിട്ടുനൽകണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യമാണ് കർണാടക സർക്കാർ തള്ളിയത്

Author : ന്യൂസ് ഡെസ്ക്

കാവേരി നദിയിലെ വെള്ളം വിട്ടുനൽകില്ലെന്ന കർണാടക സർക്കാർ തീരുമാനം വഞ്ചനയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജൂലൈ 12 മുതൽ 31 വരെ എല്ലാ ദിവസവും ഒരു ടിഎംസി അടി വെള്ളം വിട്ടുനൽകണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യമാണ് കർണാടക സർക്കാർ തള്ളിയത്. കൃഷിക്കായി കാവേരി നദിയെ ആശ്രയിക്കുന്ന തമിഴ്‌നാട്ടിലെ കർഷകരെ കർണാക തീരുമാനം പ്രതികൂലമായി ബാധിക്കും. 

തുടർ നടപടികൾ ചർച്ച ചെയ്യാൻ തമിഴ്‌നാട് സർക്കാർ എല്ലാ നിയമസഭാ കക്ഷിനേതാക്കളുമായി യോഗം ചേരാൻ തീരുമാനിച്ചു.  ജലവിഭവ മന്ത്രി ദുരൈ മുരുകൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിൽ ചേരുന്ന യോഗത്തിൽ നിയമസഭയെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി.

മൺസൂൺ മഴയെത്തുടർന്ന് കർണാടകയിലെ അണക്കെട്ടുകളിലേക്ക് എത്തിച്ചേരാൻ സാധ്യതയുള്ള വെള്ളത്തിൻ്റെ വരവ് പരിഗണിച്ചാണ് വെള്ളം തുറന്നുവിടാൻ തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടത്. ഒരു ടിഎംസി അടി വെള്ളം തുറന്നുവിടണമെന്നായിരുന്നു കാവേരി വാട്ടർ റെഗുലേറ്ററി കമ്മീഷനും (സിഡബ്ല്യുആർസി) കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റിയും (സിഡബ്ല്യുഎംഎ) ചേർന്ന് കർണാടക സർക്കാരിന് നൽകിയ നിർദ്ദേശം.

എന്നാൽ ഈ ആവശ്യം കർണാടക സർക്കാർ നിഷേധിക്കുകയായിരുന്നു. സർക്കാർ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി. കർണാടകയിലെ നാല് റിസർവോയറുകളുടെ സംയോജിത സംഭരണം 75.586 ടിഎംസി അടിയാണ്. എന്നാൽ തമിഴ്‌നാട്ടിലെ മേട്ടൂർ അണക്കെട്ടിലെ സംഭരണശേഷി വെറും 13.808 ടിഎംസി അടിയാണ്. തമിഴ്‌നാട്ടിലെ കാവേരി ഡെൽറ്റ മേഖലയിലെ കുറുവ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കണമെന്നതിനാൽ ജൂൺ 12 ന് മേട്ടൂരിലെ റിസർവോയർ തുറന്നിരുന്നില്ല.

ജലസേചനത്തിനായി കാവേരി ജലത്തെ ആശ്രയിക്കുന്ന തമിഴ്‌നാട്ടിലെ കർഷകരെ കർണാടകയുടെ തീരുമാനം വളരെ പ്രതികൂലമായി ബാധിക്കും. ഇത് അപലപനീയവും അപമാനകരവുമാണെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ കർഷകരെ ബാധിക്കുന്ന ഒരു നടപടിയും തമിഴ്‌നാട് സർക്കാർ ഒരിക്കലും അംഗീകരിക്കില്ല. സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട തുടർനടപടികൾ സർവകക്ഷിയോഗം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT