NEWSROOM

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും ഓഫീസില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചു പോയെന്നുമുള്ള വാദമായിരിക്കും കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കുക.

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ പ്രതി ബെയിലിന്‍ ദാസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും ഓഫീസില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചു പോയെന്നുമുള്ള വാദമായിരിക്കും കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കുക.

അതേസമയം ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. സംഭവത്തില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ശാമിലി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ബെയ്‌ലിന്‍ ദാസിനെ ഈ മാസം 30 വരെ റിമാന്‍ഡില്‍ വിട്ടിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ബെയ്ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് എത്തിച്ചു.

കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ അഭിഭാഷക ശ്യാമിലി ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. എന്നാല്‍, ബെയ്‌ലിന്‍ ദാസ് സാക്ഷികളെ സ്വാധീനിക്കും എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുമെന്ന് അറിയില്ല. ഒരു വിഭാഗം അഭിഭാഷകരുടെ പിന്തുണ ബെയ്‌ലിന്‍ ദാസിന് സഹായകമാകാമെന്നും അഭിഭാഷക ശ്യാമിലി പറഞ്ഞു.

ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ അപമാനിച്ചുവെന്ന് പറഞ്ഞാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് ശ്യാമിലിയെ മര്‍ദിച്ചത്.


SCROLL FOR NEXT