NEWSROOM

കടിച്ച വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി; ഭഗൽപൂർ സ്വദേശിയുടെ സാഹസിക യാത്ര ആശുപത്രിയിലേക്ക്

തന്നെ കടിച്ച അണലിയെ കഴുത്തിലിട്ട് ആശുപത്രിയിൽ എത്തിയ ആളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Author : ന്യൂസ് ഡെസ്ക്

കടിച്ച പാമ്പിനക്കൊണ്ട് തന്നെ വിഷമിറക്കുമെന്ന് കോട്ടിട്ടുണ്ട്. അത് നടക്കുമെന്ന് പ്രതീക്ഷിച്ചാണോ എന്നറിയില്ല ബിഹാറിലൊരാൾ പാമ്പുകടിക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെയും എടുത്തുകൊണ്ടാണ്. തന്നെ കടിച്ച അണലിയെ കഴുത്തിലിട്ട് ആശുപത്രിയിൽ എത്തിയ ആളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം.

പ്രകാശ് മണ്ഡൽ എന്ന വ്യക്തിയെയാണ് അണലി കടിച്ചത്. പിന്നാലെ, ഇയാൾ കടിച്ച പാമ്പിനെയും കഴുത്തിലിട്ട് ആശുപത്രിയിലെത്തി. ഡോക്ടർമാരും ആശുപത്രിയിലുണ്ടായിരുന്നവരും അമ്പരപ്പോടെയാണ് ഇയാളെ നോക്കി കണ്ടത്. മുണ്ടുടുത്ത്, പാമ്പിനെ തോളിലിട്ട് അത്യാഹിത വിഭാഗത്തിലേക്ക് നടന്നു വരുന്ന മധ്യവസ്കനെയാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.


ആശുപത്രിയിലുള്ളവർ ഇയാളിൽ നിന്ന് അകലം പാലിച്ച് നിൽക്കുന്നത് കാണാം. വിഡിയോയിൽ അടുത്തതായി കാണാൻ സാധിക്കുന്നത് ഇയാൾ പാമ്പിന്‍റെ കഴുത്തിൽ പിടിച്ച് നിലത്ത് കിടക്കുന്നതാണ്.


ഇയാളെ സ്ട്രക്ചറില്‍ കിടത്തി കൊണ്ടുപോകുമ്പോഴും ഇയാളുടെ കൈയിൽ പാമ്പുണ്ട്. പാമ്പ് കടിച്ചതിൽ വേദന അനുഭവിക്കുന്നുണ്ടെകിലും ഇയാൾ പാമ്പിനെ വിടാൻ തയ്യാറാകുന്നില്ല. തുടർന്ന്, പാമ്പിനെ കയ്യിൽ പിടിച്ച് വയ്ക്കുകയാണെങ്കിൽ ചികിൽസിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർ പറഞ്ഞതോടെ ഇയാൾ പാമ്പിനെ വിടാൻ തയ്യാറാവുകയായിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്.

SCROLL FOR NEXT