NEWSROOM

'ഭാരതവും ഇന്ത്യയും ഒന്ന്'; പാഠപുസ്തകങ്ങളിൽ രണ്ടും ഉപയോഗിക്കാമെന്ന് എൻസിഇആർടി ഡയറക്ടർ

അനാവശ്യമായ വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്നും ദിനേശ് പ്രസാദ് സക്ലാനി

Author : ന്യൂസ് ഡെസ്ക്

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന വാക്ക് പൂർണമായും ഒഴിവാക്കണമെന്ന കരിക്കുലം കമ്മിറ്റി ശുപാർശയിൽ പ്രതികരിച്ച് എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി. പുസ്തകത്തിൽ ഭാരതമെന്നും ഇന്ത്യയെന്നും ഉപയോഗിക്കാമെന്ന് ദിനേശ് പ്രസാദ് വ്യക്തമാക്കി. പരിഷ്കരിച്ച പാഠപുസ്തകങ്ങളെ ചൊല്ലി വലിയ തർക്കങ്ങൾ നടക്കുന്നതിനിടയിലാണ് എൻസിഇആർടി ഡയറക്ടറുടെ പ്രതികരണം. അനാവശ്യമായ വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ദിനേശ് പ്രസാദിൻ്റെ പക്ഷം. ഇന്ത്യ എന്നും ഭാരത് എന്നും അനുയോജ്യമായിടത്ത് ഉപയോഗിക്കാമെന്നായിരുന്നു ഡയറക്ടർ പറഞ്ഞത്. ഈ രണ്ട് വാക്കുകളോടും പ്രത്യേക താത്പര്യമോ എതിർപ്പോ ഇല്ലെന്നും ദിനേശ് പ്രസാദ് പ്രതികരിച്ചു.

എന്നാൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യയെന്ന വാക്ക് പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സോഷ്യൽ സയൻസ് കരിക്കുലം കമ്മിറ്റി കഴിഞ്ഞ വർഷം നിർദേശിച്ചത്. കമ്മിറ്റിയുടെ ശുപാർശകളിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എൻസിഇആർടി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘപരിവാർ ആശയങ്ങൾ തിരുകികയറ്റുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ പാഠപുസ്തകങ്ങളിൽ കൊണ്ടുവരുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

കഴിഞ്ഞ ദിവസം പാഠപുസ്തകങ്ങളിൽ നിന്നും ബാബറി മസ്ജിദ് എന്ന പേര് ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു. മൂന്ന് മിനാരങ്ങളോട് കൂടിയ നിർമിതി എന്നാണ് പാഠപുസ്തകത്തിൽ ബാബരി മസ്ജിദിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അയോധ്യയെ കുറിച്ചുള്ള ചരിത്രം നാല് പേജില്‍ നിന്ന് രണ്ടായി ചുരുക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT