പതിനെട്ടാമത് ലോക്‌സഭ പ്രോ ടേം സ്പീക്കറായി ഭർതൃഹരി മഹ്താബിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. പ്രോ ടേം സ്പീക്കറായി ഭർതൃഹരി മഹ്താബിനെ നിയമിച്ചതിൽ കോൺഗ്രസ്സ് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. കൊടിക്കുന്നിലിനെ തഴഞ്ഞ് ഭർതൃഹരി മഹ്താബിനെ നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
സാധാരണ പാർലമെൻ്റിലെ മുതിർന്ന അംഗത്തിനാണ് ഈ ചുമതല നല്‍കുന്നത്. നിലവിൽ എട്ടുതവണ എം.പിയായ കൊടിക്കുന്നില്‍ സുരേഷാണ് ലോക്സഭയിലെ മുതിർന്ന അംഗം. എന്നാൽ കൊടിക്കുന്നിലിനെ നിയമിക്കാതെ, കീഴ്‌വഴക്കം മറികടന്നാണ് ബിജെപിയുടെ പുതിയ നീക്കം. രാഷ്ട്രപതിയുടെ വിജ്ഞാപനം വന്നതിന് പിന്നാലെ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സഭയിലെ മുതിർന്ന ദളിത് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനാണെന്നും, മന്ത്രിയുടെ ഉദ്ദേശം എന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കേന്ദ്ര സർക്കാർ കീഴ്‌വഴക്കം ലംഘിച്ചതായും 2014ൽ പോലും കോൺഗ്രസിലെ മുതിർന്ന എംപി കമൽനാഥിനെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നുവെന്നും കൊടിക്കുന്നിൽ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രോ ടേം സ്പീക്കറായി ബിജെപി എംപി ഭർതൃഹരി മഹ്താബിനെ നിയമിച്ചത്. മുൻ ബിജെഡി നേതാവായ ഭർതൃഹരി മഹ്താബ് ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ട് മുൻപാണ് ബിജെപിയിൽ എത്തിയത്. ഏഴുതവണയായി എംപിയാണ്. ലോക്സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നതും പുതിയ എംപിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും പ്രോ ടേം സ്പീക്കറാണ്.