നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികളെ ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് പിതാവ് ഭാസ്‌കരന്‍. പത്ത് വര്‍ഷമായി ഈ വിധി പ്രതീക്ഷിച്ചിരിക്കുകയാണെന്നും മാറാട് വിചാരണ കോടതി നീതി നിഷേധിച്ചുവെന്നും ഭാസ്‌കരന്‍ പറഞ്ഞു.
'വലിയ മനസമാധാനമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ വിധി പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ ദിവസത്തിനായാണ് കാത്തിരുന്നത്. വലിയ ആശ്വാസം തോന്നുന്നു. ഈ കേസില്‍ സാധാരണയിലും വ്യത്യസ്തമായി ഏഴ് പേര്‍ക്ക് മാരകമായി പരുക്കേറ്റിരുന്നു. അവരാണ് കേസിലെ യഥാര്‍ഥ സാക്ഷികള്‍. അവരുടെ ശരീരത്തിലെ മഴുകൊണ്ടും വാളുകൊണ്ടും വെട്ടിപിളര്‍ന്ന ഭാഗം ഷര്‍ട്ടും ബനിയനുമടക്കം അഴിച്ച് മാറാട് കോടതിയില്‍ അഴിച്ചു കാണിച്ചു കൊടുത്തതാണ്. ആ സാക്ഷി മൊഴിയാണ് മാറാട് കോടതി തിരസ്‌കരിച്ചത്. മാറാട് കോടതിയുടേത് ആരും പ്രതീക്ഷിക്കാത്ത വിധിയായിരുന്നു,' ഷിബിന്റെ പിതാവ് പറഞ്ഞു.
ഓരോ പൗരന്റെയും മൗലിക അവകാശമാണ് നീതി. ആ നീതി നിഷേധിക്കുകയാണ് മാറാട് കോടതി ചെയ്തത്. കേരള ഹൈക്കോടതി അനുകൂല വിധി പറഞ്ഞു എന്നുള്ളത് വലിയ ആശ്വാസമാണെന്നും പിതാവ് കൂട്ടിച്ചേർത്തു.
ALSO READ: തൂണേരി ഷിബിൻ വധം: ഏഴ് മുസ്ലീം ലീഗ് പ്രവർത്തകർക്കും ജീവപര്യന്തം തടവുശിക്ഷ, 5 ലക്ഷം പിഴയടക്കണം
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഷയത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചു. പക്ഷെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്നത് വരെ ആ ഉത്തരവ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരുന്നില്ലെന്നും പിതാവ് ആരോപിച്ചു.
വിചാരണ കോടതി വെറുതെ വിട്ട ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കും, കീഴടങ്ങാത്ത ഒന്നാം പ്രതിക്കും ഉള്‍പ്പെടെ 7 പേര്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാറങ്കി താഴെ കുനിയില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതില്‍ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്.
മൂന്നാം പ്രതി അസ്ലമിനെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ടതിനാല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രതികള്‍ 5 ലക്ഷം വീതം പിഴയടക്കണം. നഷ്ടപരിഹാരം കുടുംബത്തിന് കൈമാറും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ഏഴ് പേരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. 2015 ജനുവരി 28നാണ് നാദാപുരം വെള്ളൂരില്‍ വെച്ച് ഷിബിന്‍ കൊല്ലപ്പെട്ടത്. കുടുംബത്തിനും പാര്‍ട്ടിക്കും ആശ്വാസം നല്‍കുന്ന വിധിയാണിതെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. പ്രതീക്ഷിച്ച വിധിയായിരുന്നു ഇതെന്നും, ഒന്നാം പ്രതി തെയ്യാംമ്പാടി ഇസ്മായിലിനെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്നും, പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആറ് പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശിക്ഷാ വിധി സംബന്ധിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കോടതിയെ നേരത്തെ അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റു പ്രതികള്‍ക്ക് ശിക്ഷ വിധിക്കാമെന്നും ഇതില്‍ നിയമ തടസമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. പ്രതികളുടേത് നിഷ്ഠൂരമായ പ്രവര്‍ത്തിയാണെന്നും രണ്ട് നിരപരാധികളും പ്രതികളുടെ അക്രമത്തിന് ഇരയായെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
2015 ജനുവരി 22നായിരുന്നു സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 17 പേരായിരുന്നു കേസിലെ പ്രതികള്‍. വിചാരണക്കോടതി ഏഴ് പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി ഒക്ടോബര്‍ നാലിന് റദ്ദാക്കിയിരുന്നു. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും ഷിബിന്റെ പിതാവും സമര്‍പ്പിച്ച അപ്പീലിലാണ് ഒന്നു മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചത്.
2015 ജനുവരി 22 നായിരുന്നു സംഘം ചേര്‍ന്ന് എത്തിയ പ്രതികള്‍ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംമ്പാടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.
ഷിബിന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായ കാളിയറമ്പത്ത് അസ്ലമിനെ 2016 ഓഗസ്റ്റ് 12ന് വൈകിട്ട് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുമ്പോള്‍ 20 വയസായിരുന്നു പ്രായം. കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കാന്‍ പോകവേ ഇന്നോവയിലെത്തിയ അക്രമി സംഘം അസ്ലമിനെ വെട്ടുകയായിരുന്നു.