ഭോലെ ബാബ എവിടെയാണെന്ന് അറിയില്ലെന്നും, അത് അറിയേണ്ട കാര്യമില്ലെന്നും ബാബയുടെ അഭിഭാഷകനായ എ.പി സിംഗ് പറഞ്ഞു. 121 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം ഉണ്ടായത് ബാബ നടത്തിയ പ്രാർത്ഥനാ യോഗത്തിലെ പിഴവ് മൂലമല്ലെന്നും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ മൂലമാണെന്നും അഭിഭാഷകൻ പറഞ്ഞു. ഭോലെ ബാബ നിയമം പാലിക്കുമെന്നും ഒളിച്ചോടില്ലെന്നും എ.പി സിംഗ് കൂട്ടിച്ചേർത്തു.
ഭോലെ ബാബ എന്നറിയപ്പെടുന്ന ആൾദൈവം നാരായൺ സാകർ ഹരിയുടെ മെയിൻപുരിയിലെ ആശ്രമത്തിന് പുറത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഡ്വ. എ.പി സിംഗ്. നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് വേണ്ടിയും, അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ വനിത സീമ ഹൈദറിന് വേണ്ടിയും, കർഷക സമരങ്ങളിൽ കർഷക സംഘടനകൾക്ക് വേണ്ടിയും വാദിച്ച എ.പി സിംഗ് ആണ് ഭോലെ ബാബയുടെ അഭിഭാഷകൻ.
സത്‌സംഘത്തിന് വേണ്ടി തെരഞ്ഞെടുത്തത് ചുറ്റും വയലുകളുള്ള തുറസ്സായ സ്ഥലമായിരുന്നുവെന്നും, അടച്ചിട്ട സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നത് നുണയാണെന്നും എ.പി സിംഗ് പറഞ്ഞു. സത്‌സംഘത്തിൽ പങ്കെടുത്ത സ്ത്രീകളോട് സംസാരിച്ചപ്പോൾ, പലരും 15-18 വർഷത്തോളമായി ഇത്തരം ആത്മീയ പരിപാടികളിൽ പങ്കെടുക്കുന്നവരാണെന്നും, ഇത്തരം ദുരനുഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്നും, സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് അവർ ആരോപിച്ചതായും എ.പി സിംഗ് കൂട്ടിച്ചേർത്തു.
ഒരു ഹൈവേയ്‌ക്ക് സമീപം പരിപാടി നടത്താൻ അനുമതി നൽകിയ ഭരണകൂടത്തിന് തെറ്റ് പറ്റിയോ എന്ന ചോദ്യത്തിന്, ട്രാഫിക് അപകടങ്ങളൊന്നും സംഭവിക്കാത്തതിനാൽ ഈ ചോദ്യം ഉയരുന്നില്ലെന്ന് സിംഗ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം, കേസിൽ സുരാജ് പാലിനെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന്, എഫ് ഐആറിൽ പേരില്ലെന്ന് അലിഗഢ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ ശലഭ് മാത്തൂർ മറുപടി നൽകിയിരുന്നു.