പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യസമിതി മേധാവിയുമായിരുന്ന ബിബേക് ദെബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
പുനെയിലെ ഗോഖലെ ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറായിരുന്ന ദേബ്രോയ്, 2019 വരെ നീതി ആയോഗിൽ അംഗമായിരുന്നു. 2015ൽ പത്മശ്രീ പുരസ്കാരവും നേടിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുള്ള ബിബേക് ദെബ്രോയ്, ഒന്നിലധികം പത്രങ്ങളിൽ എഡിറ്ററായും പ്രവർത്തിച്ചു. മാക്രോ ഇക്കണോമിക്സ്, പബ്ലിക് ഫിനാൻസ് എന്നിവയിൽ വിദഗ്ധനാണ്. സാമ്പത്തിക പരിഷ്കരണം, ഭരണം, റെയിൽവേ തുടങ്ങിയ വിഷയങ്ങളിൽ എഴുതിയിട്ടുണ്ട്. മഹാഭാരതം, ഭഗവദ്ഗീത ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളുടെ വിവർത്തനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
നരേന്ദ്രപൂർ രാമകൃഷ്ണ മിഷൻ സ്കൂൾ, കൊൽക്കത്ത പ്രസിഡൻസി കോളേജ്, കാംബ്രിഡ്ജ് ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിലാണ് ബിബേക് ദെബ്രോയ് പഠനം പൂർത്തിയാക്കിയത്. കൊൽക്കത്ത പ്രസിഡൻസി കോളേജ്, പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്നു.
വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പ്രാവീണ്യമുള്ള ഉന്നത പണ്ഡിതനായിരുന്നു ബിബേക് ദെബ്രോയ് എന്ന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തൻ്റെ കൃതികളിലൂടെ അദ്ദേഹം ഇന്ത്യയുടെ ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചു. പൊതുനയത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്കപ്പുറം, പുരാതന ഗ്രന്ഥങ്ങൾ യുവാക്കൾക്ക് പ്രാപ്യമാക്കുന്നത് അദ്ദേഹം ആസ്വദിച്ചിരുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.
മികച്ച അക്കാദമീഷ്യനായിരുന്നു ബിബേക് ദെബ്രോയ് എന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എക്സിൽ കുറിച്ചു.