റഷ്യക്കുള്ളില്‍ ആക്രമണത്തിന് അമേരിക്കന്‍ ആയുധങ്ങളുപയോഗിക്കാന്‍ യുക്രെയ്ന് അനുമതി നല്കി ജോ ബൈഡന്. റഷ്യക്കു വേണ്ടി ഉത്തരകൊറിയന്‍ സൈനികര്‍ യുദ്ധം ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ നടപടി. അമേരിക്കന്‍ തീരുമാനത്തെ പോളണ്ട് സ്വാഗതം ചെയ്തു. എന്നാല്‍ മൂന്നാം ലോകയുദ്ധത്തിലേക്കുള്ള വലിയ കാല്‍വെയ്പ്പെന്നാണ് റഷ്യ പ്രതികരിച്ചത്.
യുക്രെയ്നെതിരെ യുദ്ധം ചെയ്യാന്‍ റഷ്യ ഉത്തരകൊറിയന്‍ സൈനികരെ ഉപയോഗിക്കുന്ന സാഹചര്യം ഉയര്‍ത്തിക്കാട്ടിയാണ് ബൈഡന് ഭരണകൂടം സുപ്രധാന തീരുമാനം എടുത്തത്. റഷ്യന്‍ മണ്ണിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ബൈഡന് ഭരണകൂടം അനുമതി നല്കി. ഇതോടെ റഷ്യയയിലേക്ക് യുക്രെയ്ന് അമേരിക്കന്‍ നിര്‍മിത ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ് റോക്കറ്റ് പ്രയോഗിക്കാനാവും. 300 കിലോമീറ്ററാണ് ഈ റോക്കറ്റുകളുടെ പരിധി.
Also Read; മസ്കിൻ്റെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കണം; ആവശ്യമറിയിച്ച് ഡെമോക്രാറ്റിക് സെനറ്റർമാർ
ഇക്കാര്യത്തില്‍ വൈറ്റ്ഹൗസിന്റെ ഓദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രമുഖ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സും അസോഷ്യേറ്റഡ് പ്രെസും വാര്‍ത്ത പ്രസിദ്ധീകരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും വാര്‍ത്ത സ്ഥിരീകരിച്ചു. അതേസമയം അമേരിക്കന്‍ അനുമതിക്ക് ഔദ്യോഗിക പ്രഖ്യാപനമെവിടെ എന്ന ചോദ്യത്തിന് മിസൈലുകള്‍ സംസാരിക്കുമെന്നാണ് വോളോഡിമിര്‍ സെലെന്‍സ്കി നല്കിയ മറുപടി.
അമേരിക്കയുടെ തീരുമാനത്തെ പോളണ്ട് സ്വാഗതം ചെയ്തു. യുദ്ധത്തില്‍ ഉത്തരകൊറിയന്‍ സൈന്യത്തിന്റെ കടന്നുവരവും റഷ്യയുടെ കനത്ത മിസൈലാക്രമണങ്ങളും കണക്കിലെടുത്താല്‍ ബൈഡന് പുടിന് മനസിലാകുന്ന ഭാഷയില്‍ മറുപടി നല്കി എന്ന് പോളിഷ് വിദേശകാര്യമന്ത്രി റാഡോസ്ലോവ് സികോര്‍സ്കി എക്സില്‍ കുറിച്ചു. അമേരിക്കയുടെ നടപടി മൂന്നാം ലോകയുദ്ധത്തിലേക്കുള്ള വലിയ ചുവടുവെയ്പാണെന്ന് റഷ്യന്‍ പാര്‍ലമെന്റിലെ വിദേശകാര്യ സമിതിയുടെ ഉപമേധാവി വ്ലാഡിമിര്‍ ധബറോവ് പറഞ്ഞു.