NEWSROOM

ഇവാൻ ഗെർഷ്കോവിച്ചിന്റെ മോചനം; തിരിച്ചെത്തിയ അമേരിക്കക്കാരെ സ്വീകരിച്ച് ബൈഡനും ഹാരിസും

മുൻ യുഎസ് നാവികൻ പോൾ വീലൻ, റഷ്യൻ-അമേരിക്കൻ പത്രപ്രവർത്തകൻ അൽസു കുർമഷേവയുമാണ് തിരിച്ചെത്തിയ മറ്റ് രണ്ട് പേർ

Author : ന്യൂസ് ഡെസ്ക്

റഷ്യയിൽ നിന്നും ജയിൽ മോചിതനായി തിരിച്ചെത്തിയ മാധ്യമ പ്രവർത്തകൻ ഇവാൻ ഗെർഷ്കോവിച്ചിനെയും, മറ്റ് രണ്ട് അമേരിക്കൻ തടവുകാരെയും പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സ്വീകരിച്ചു. മുൻ യുഎസ് നാവികൻ പോൾ വീലൻ, റഷ്യൻ-അമേരിക്കൻ പത്രപ്രവർത്തകൻ അൽസു കുർമഷേവയുമാണ് തിരിച്ചെത്തിയ മറ്റ് രണ്ട് പേർ. ഒരു ദശാബ്ദത്തോളം റഷ്യൻ അടിമത്തത്തിൽ കഴിഞ്ഞിരുന്ന മൂവരെയും കാണാൻ നൂറുകണക്കിന് പത്രപ്രവർത്തകരും ആൻഡ്രൂസ് വ്യോമസേനാ താവളത്തിലെത്തിയിരുന്നു. തനിക്ക് സുഖമാണെന്നും വിമാനത്തിൽ അമേരിക്കക്കാരെയും ജർമ്മൻകാരെയും കൂടാതെ റഷ്യൻ രാഷ്ട്രീയ തടവുകാരെയും കണ്ടതിൽ സന്തോഷമുണ്ടെന്നും ഇവാൻ ഗെർഷ്‌കോവിച്ച് പറഞ്ഞു.

റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൈമാറ്റ കരാറാണിത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, പോളണ്ട്, സ്ലോവേനിയ, നോർവേ, ബെലാറസ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 24 പേരാണ് എംഐടി രഹസ്യാന്വേഷണ വിഭാഗം നടത്തിയ കൈമാറ്റത്തിൽ ഉൾപ്പെട്ടതെന്നാണ് തുർക്കി പ്രസിഡൻസി അറിയിച്ചത്. എട്ട് റഷ്യൻ തടവുകാർക്ക് പകരം 16 യു എസ് തടവുകാരെയാണ് കൈമാറ്റം ചെയ്തത്. ജോ ബൈഡൻ്റെ അന്താരാഷ്‌ട്ര ബന്ധങ്ങൾ കാരണമാണ് കൈമാറ്റ കരാർ നടന്നതെന്നാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്റെ വാദം.

2023 മാര്‍ച്ചിലാണ് ഇവാന്‍ ചാരവൃത്തി കേസില്‍ അറസ്റ്റിലാകുന്നത്. യെകാറ്ററിന്‍ബര്‍ഗ് എന്ന പട്ടണത്തില്‍ നിന്നാണ് മോസ്‌കോ പൊലീസ് മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തത്. റഷ്യയുടെ സൈനിക-വ്യാവസായിക കാര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിനായി ശേഖരിക്കുന്ന ഒരു ഏജൻ്റായി ഇവാൻ ഗെർഷ്‌കോവിച്ച് പ്രവർത്തിക്കുന്നതായി ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് മോസ്കോയിലെ ലെഫോർട്ടോവോ ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കേസിനെ കുറിച്ചുള്ള തെളിവുകളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. അതേസമയം യുഎസ് ഭരണകൂടവും വാൾസ്ട്രീറ്റ് ജേണലും ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

SCROLL FOR NEXT