NEWSROOM

വധശിക്ഷകൾ റദ്ദാക്കി ബൈഡൻ; 40 കേസുകളിൽ 37ലും ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമാക്കി

കൊലപാതകികളുടെ നിന്ദ്യമായ പ്രവൃത്തിയിൽ ദുഖിക്കുന്നതായി ബൈഡൻ പറഞ്ഞു.എന്നാൽ മനസാക്ഷിയെ മുൻനിർത്തിയും അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലും വധശിക്ഷയെ അനുകൂലിക്കാനാകില്ലെന്ന് ബൈഡൻ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

37 ഫെഡറൽ വധശിക്ഷകൾ ഇളവു ചെയ്ത് സുപ്രധാന തീരുമാനവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷയാണ് ബൈഡൻ ഇളവു ചെയ്തത്. താൻ വധശിക്ഷയ്ക്കെതിരാണെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു. വധശിക്ഷ വിധിച്ച് കഴിഞ്ഞിരുന്ന തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമാക്കി മാറ്റുകയും ചെയ്തു.

മൂന്ന് പേര്‍ കൊല്ലപ്പെടുകയും 250-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2013 ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബാക്രമണത്തിന് ഉത്തരവാദിയായ ദ്‌സോഖര്‍ സാര്‍നേവ്, 2018-ല്‍ പിറ്റ്സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ 11 ജൂതമതവിശ്വാസികളെ വെടിവച്ചു കൊന്ന റോബര്‍ട്ട് ബോവേഴ്സ്, 2015-ല്‍ സൗത്ത് കരൊലൈനയിലെ ചാള്‍സ്റ്റണിലുള്ള ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ഒമ്പത് പേരുടെ ജീവന്‍ അപഹരിച്ച ഡിലന്‍ റൂഫ് എന്നിവരുടെ വധശിക്ഷയാണ് നിലനിർത്തിയത്.

കൊലപാതകികളുടെ നിന്ദ്യമായ പ്രവൃത്തിയിൽ ദുഖിക്കുന്നതായി ബൈഡൻ പറഞ്ഞു.എന്നാൽ മനസാക്ഷിയെ മുൻനിർത്തിയും അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലും വധശിക്ഷയെ അനുകൂലിക്കാനാകില്ലെന്ന് ബൈഡൻ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

ജോ ബൈഡൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വധശിക്ഷകള്‍ നിര്‍ത്തലാക്കും എന്നത്. ഈ മാസമാദ്യവും 1500 റോളം പേർക്ക് ബൈഡൻ ശിക്ഷയിളവു നൽകിയിരുന്നു. ഇതിൽ മീര സച്ച്ദേവ, ബാബുഭായ് പട്ടേൽ, കൃഷ്ണ മോട്ടെ, വിക്രം ദത്ത എന്നീ നാലു ഇന്ത്യൻ - അമേരിക്കൻ വംശജരും ഉൾപ്പെട്ടിരുന്നു. 1500 പേർക്കു ഒരുമിച്ചു മാപ്പു നൽകി ഏറ്റവുമധികം മാപ്പു നൽകിയ റെക്കോർഡാണ് ബൈഡൻ സ്വന്തമാക്കിയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കു ശിക്ഷയിളവു നൽകുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

യുഎസ് നിയമമനുസരിച്ച് ഒരു പ്രസിഡൻ്റിൻ്റെ പിൻഗാമിക്കു ഈ ദയാഹർജി തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല. വധശിക്ഷകൾക്ക് അനുകൂലനിലപാടുള്ള ഡോണൾഡ് ട്രംപ് അധികാരത്തിൽ എത്തുമ്പോൾ ഈ തീരുമാനം മാറ്റാനാവില്ല.

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെൻ്ററിൻ്റെ റിപ്പോർട്ടു പ്രകാരം സംസ്ഥാനങ്ങളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഏകദേശം 2250 തടവുകാർക്ക് ബൈഡൻ്റെ തീരുമാനം ബാധകമല്ല. ബൈഡൻ പ്രസിഡൻ്റായിരുന്ന കാലത്ത് എഴുപതോളം സ്റ്റേറ്റ് വധശിക്ഷകൾ നടപ്പിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ 50 സ്റ്റേറ്റുകളിൽ 23 എണ്ണത്തിലും വധശിക്ഷകൾ ഇല്ലാതാക്കി. അരിസോന, കാലിഫോർണിയ, ഒഹായോ, ഒറിഗോൺ, പെൻസിൽവാനിയ , എന്നീ സംസ്ഥാനങ്ങളിൽ വധശിക്ഷ മരവിപ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT