ജെ.ഡി വാന്‍സ്, ഡൊണാള്‍ഡ് ട്രംപ് 
NEWSROOM

"ബൈഡന്‍ ദുര്‍ബലനായ വൃദ്ധന്‍, ഞാന്‍ ജനാധിപത്യത്തിനു വേണ്ടി വെടിയുണ്ടയേറ്റു" ; പ്രചരണത്തില്‍ സജീവമായി ട്രംപ്

റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ജെ.ഡി വാന്‍സിനെ പ്രഖ്യാപിച്ചതിനു ശേഷം ഇരുവരും ചേര്‍ന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് പ്രചരണ വേദിയായിരുന്നു മിഷിഗണ്‍

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജോ ബൈഡനേയും കമലാ ഹാരിസിനേയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ട്രംപ് വീണ്ടും പ്രചരണങ്ങളില്‍ സജീവമായിരിക്കുകയാണ്. മിഷിഗണിലെ ഗ്രാന്‍ഡ് റാപിഡില്‍ നടന്ന പ്രചരണത്തിലാണ് ട്രംപ് യുഎസ് പ്രസിഡന്‍റിനേയും വൈസ് പ്രസിഡന്‍റിനേയും വിമര്‍ശിച്ചത്.

"ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അവരുടെ സ്ഥാനാര്‍ഥി ആരെന്ന് ഒരു പിടിയുമില്ല. നമുക്കും അതറിയില്ല", ട്രംപ് പറഞ്ഞു. ബൈഡന് എതിരെയാണോ കമലാ ഹാരിസിനെതിരെയാണോ താന്‍ മത്സരിക്കേണ്ടതെന്നും ട്രംപ് സദസിനോട് ചോദിച്ചു. 'ദുര്‍ബലനായ വൃദ്ധന്‍' എന്നാണ് ട്രംപ് ബൈഡനെ വിളിച്ചത്. ജനാധിപത്യത്തിന്‍റെ വെല്ലുവിളിയാണ് ട്രംപ് എന്ന ഡമോക്രാറ്റിക് ആരോപണത്തെ ഞാന്‍ ജനാധിപത്യത്തിനു വേണ്ടി വെടിയുണ്ടയേറ്റുവെന്ന് പറഞ്ഞാണ് ട്രംപ് നേരിട്ടത്.

കുടിയേറ്റവും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളും തന്നെയായിരുന്നു  ട്രംപിന്‍റെ മുഖ്യപ്രസംഗ വിഷയം. കുടിയേറ്റക്കാര്‍ അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ നടക്കാന്‍ കാരണമാകുന്നുവെന്ന വലതുപക്ഷ ആക്ഷേപം ട്രംപ് ആവര്‍ത്തിച്ചു. വേദിയിലെ കുടിയേറ്റ കണക്കുകള്‍ പ്രദര്‍ശിപ്പിച്ച ചാര്‍ട്ടിലേക്ക് നോക്കി 'എന്‍റെ ജീവന് ഞാന്‍ കുടിയേറ്റത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന്' പരിഹാസ രൂപേണ പറയുകയായിരുന്നു ട്രംപ്. കൂടാതെ, വൈദ്യുതി വാഹനങ്ങള്‍, ചൈന, വ്യാപാരം എന്നിങ്ങനെ പതിവ് വിമര്‍ശനങ്ങളും ട്രംപിന്‍റെ പ്രസംഗത്തിന്‍ കടന്നു വന്നു.

റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ജെ.ഡി വാന്‍സിനെ പ്രഖ്യാപിച്ചതിനു ശേഷം ഇരുവരും ചേര്‍ന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് പ്രചരണ വേദിയായിരുന്നു മിഷിഗണ്‍.   ജെ.ഡി വാന്‍സിന്‍റെ പ്രസംഗം മിഷിഗണ്‍ കേന്ദ്രീകരിച്ചായിരുന്നു. മിഷിഗണിലെ തൊഴിലില്ലായ്മയില്‍ വാന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും ഡമോക്രാറ്റിക് പാര്‍ട്ടിയേയും കുറ്റപ്പെടുത്തി.

മിഷിഗണ്‍ ട്രംപിനും ബൈഡനും ഒരുപോലെ പ്രധാനപ്പെട്ട സ്റ്റേറ്റാണ്. ബൈഡന്‍റെ തെരഞ്ഞെടുപ്പ് സംവാദത്തിലെ പാളിച്ചകൾ നിലവില്‍ മിഷിഗണില്‍ ട്രംപിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേല്‍ക്കുന്നത്. വധശ്രമത്തില്‍ ട്രംപിൻ്റെ വലത് ചെവിക്ക് പരുക്കു പറ്റിയിരുന്നു. ട്രംപിനെ വെടിവെച്ച തോമസ് മാത്യൂ ക്രൂക്സ് എന്ന ഇരുപതു വയസുകാരനെ യുഎസ് സീക്രട്ട് സർവീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. വധശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം നടത്തിവരികയാണ്.

SCROLL FOR NEXT