ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ വാർഷികം അനുസ്മരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിച്ച ചടങ്ങുകളോടെയായിരുന്നു ജോ ബൈഡൻ ഈ ദിവസം അനുസ്മരിച്ചത്. യുഎസ് പ്രസിഡൻ്റിനൊപ്പം പങ്കാളി ജിൽ ബൈഡനും പുരോഹിതൻ ആരോൺ അലക്സാണ്ടറും പ്രാർത്ഥന നടത്തി. ഹിറ്റ്ലറിൻ്റെ ഹോളോകോസ്റ്റിനു ശേഷം ജൂതസമൂഹം കണ്ട ഏറ്റവും മാരകമായ ദിനം എന്നായിരുന്നു ബൈഡൻ്റെ പ്രസ്താവന. ഒപ്പം ഹമാസ് ആക്രമണത്തിന് ശേഷം അമേരിക്കയിൽ യഹൂദവിരുദ്ധത കുതിച്ചുയർന്നെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
"ഒക്‌ടോബർ ഏഴിനുണ്ടായ ആക്രമണം, സഹസ്രാബ്ദങ്ങളായി യഹൂദ ജനതയ്‌ക്കെതിരെ നടന്ന വിദ്വേഷവും അക്രമവും അവശേഷിപ്പിച്ച വേദനാജനകമായ ഓർമകൾ വീണ്ടും ഉയർത്തി കൊണ്ടുവന്നു. അന്ന് ഹമാസ് അഴിച്ചുവിട്ട സംഘർഷം കാരണം, ഒക്‌ടോബർ 7 പലസ്തീൻ ജനതയുടെ കറുത്ത ദിനമായി ചരിത്രം ഓർക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു . ഈ സംഘട്ടന വർഷത്തിൽ വളരെയേറെ സാധാരണക്കാർ വളരെയധികം കഷ്ടത അനുഭവിച്ചിട്ടുണ്ട്," ജോ ബൈഡൻ പറയുന്നു.
ജോ ബൈഡനൊപ്പം റിപ്പബ്ലിക്കൻ സ്ഥാനാർഥിയും വൈസ് പ്രസിഡൻ്റുമായ കമല ഹാരിസും ഒക്‌ടോബർ 7 ആക്രമണത്തിന് ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. ഹമാസ് അന്ന് ചെയ്തത് പാപമാണെന്നും ക്രൂരമാണെന്നും യുഎസ് വൈസ് പ്രസിഡൻ്റ് പറഞ്ഞു. ആ ആക്രമണം ഇസ്രയേലിൽ മാത്രമല്ല, അമേരിക്കയിലും ലോകമെമ്പാടുമുള്ള യഹൂദരിലും ഭയം ജനിപ്പിച്ചുവെന്നും കമലാ ഹാരിസ് ചൂണ്ടിക്കാട്ടി. ഗാസയിലെ മരണത്തിൻ്റെ തോതിൽ ഹൃദയം തകർന്നിരിക്കുകയാണെന്ന് പറഞ്ഞ കമല, ഈ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനായി വെടിനിർത്തൽ കരാറിനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും അഭിപ്രായപ്പെട്ടു.
അതേസമയം ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൻ്റെ വാർഷികത്തിനോടനുബന്ധിച്ച് ലോകമെങ്ങും പലസ്തീൻ അനുകൂല മാർച്ചുകൾ അരങ്ങേറി. ആയിരക്കണക്കിന് പേരാണ് പലസ്തീൻ അനുകൂല മുദ്രാവാക്യവുമായി തെരുവിലിറങ്ങുന്നത്. ഇസ്രയേല്‍ ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പാരിസിലും ആയിരങ്ങൾ തെരുവിലിറങ്ങി.
ALSO READ: 'ഇരകളും അതിജീവിതരും'; ഒക്ടോബർ 7 ഹമാസ് ആക്രമണത്തിനും ഗാസയിലെ ഇസ്രയേല്‍ നരമേധത്തിനും ഇന്ന് ഒരാണ്ട്
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഗാസയിൽ വംശഹത്യ നടത്തുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ആക്രമണത്തിൽ ഇതിനകം ഗാസയിൽ 41,870-ഓളം പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതിനെ തുടർന്ന് ഹിസ്ബുള്ളക്കെതിരെ ലബനനിലേക്കും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ.