NEWSROOM

തപ്പിത്തടഞ്ഞ് സംസാരിച്ച് ബൈഡൻ, യുക്തിയില്ലാത്ത നിലപാടുകളിലുറച്ച് ട്രംപ്; ചൂട് പിടിച്ച് സംവാദം

പണപ്പെരുപ്പം വിഷയമാക്കിയാണ് ബൈഡൻ - ട്രംപ് ചർച്ച ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യസംവാദം പൂർത്തിയായപ്പോൾ വെളിപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. പ്രസിഡന്‍റ് ജോ ബൈഡന് പ്രായാധിക്യം മൂലമുള്ള ഓർമക്കുറവ് വര്‍ധിച്ചു. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ യുക്തിയില്ലാത്ത നിലപാടുകളും വർധനവുണ്ടായി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ പ്രസിഡൻ്റും മുൻ പ്രസിഡൻ്റും തമ്മിലുള്ള വാഗ്വാദം.

വാക്കുകൾ കിട്ടാതെ പലപ്പോഴും പരിഭ്രമിച്ചും പരതിയും പ്രസിഡന്‍റ് ജോ ബൈഡൻ. വായിൽ വരുന്നതെന്തും വിളിച്ചു പറഞ്ഞ് പിടിവിട്ടയാളെപ്പോലെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രണ്ടിലാരെ പ്രസിഡന്‍റാക്കും എന്നാണ് അമേരിക്കൻ ജനതയ്ക്കു മുന്നിലുള്ള ചോദ്യം.

പണപ്പെരുപ്പം വിഷയമാക്കിയാണ് ബൈഡൻ - ട്രംപ് ചർച്ച ആരംഭിച്ചത്. ട്രംപ് സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലെത്തിച്ചെന്നും താൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും മരുന്നുകളുടെ വില കുറയ്ക്കുകയും ചെയ്തുവെന്നും ബൈഡൻ വാദിച്ചു. 'അനധികൃത കുടിയേറ്റക്കാർക്ക്' മാത്രമാണ് അമേരിക്കയിൽ തൊഴിൽ അവസരങ്ങൾ ഉണ്ടായതെന്നായിരുന്നു ട്രംപിൻ്റെ മറുപടി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റത്തെ ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി.

ബൈഡന് പണം നൽകുന്നത് ചൈനയാണെന്ന് ട്രംപ് ആരോപിച്ചു. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തത്തോട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചില്ല. ഒരു നടിയുമായി ബന്ധപ്പെട്ടുള്ള ആരോപണം ഡൊണാൾഡ് ട്രംപ് നിഷേധിച്ചു.

ഗർഭച്ഛിദ്രത്തിനുള്ള വൈദ്യസഹായം തടയുകയല്ല തൻ്റെ ലക്ഷ്യമെന്നും ബലാത്സംഗം മുതലായ സാഹചര്യങ്ങളിൽ അമ്മയുടെ ജീവന് വേണ്ടി അതിനെ പിന്തുണക്കുമെന്നും ട്രംപ് പറഞ്ഞു. ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുമെന്നാണ് ബൈഡൻ വാദിച്ചത്. സിഎൻഎൻ സ്റ്റുഡിയോയിൽ ആയിരുന്നു സംവാദം. വാക്പോര് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റൊരാളുടെ മൈക്ക് ഓഫ് ചെയ്തുവെച്ചിരുന്നു.

SCROLL FOR NEXT