NEWSROOM

"അഭിനന്ദനങ്ങൾ, സുഗമമായ പരിവർത്തനത്തിന് കാത്തിരിക്കുന്നു,"; വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി ട്രംപും ബൈഡനും

ഡൊണാൾഡ് ട്രംപിനെ തിരികെ വൈറ്റ് ഹൗസിലേക്ക് ഹസ്തദാനത്തോടെയാണ് ബൈഡൻ സ്വാഗതം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ജനുവരി 20ന് റിപ്പബ്ലിക്കൻ നേതാവിന് സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം എന്ന ഉദ്ദേശത്തോടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഡൊണാൾഡ് ട്രംപിനെ തിരികെ വൈറ്റ് ഹൗസിലേക്ക് ഹസ്തദാനത്തോടെയാണ് ബൈഡൻ സ്വാഗതം ചെയ്തത്. ട്രംപിൻ്റെ വിജയത്തെ അഭിനന്ദിച്ച ബൈഡൻ, സുഗമമായ പരിവർത്തനത്തിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചു. പ്രഥമ വനിതയായ ജിൽ ബൈഡനും ട്രംപിൻ്റെ വിജയത്തെ സ്വാഗതം ചെയ്ത് അഭിനന്ദിച്ചു.

എന്നാൽ, ബൈഡൻ്റെ സ്വാഗതത്തിന് നന്ദിയറിയിച്ച ട്രംപ്, രാഷ്ട്രീയം വളരെ കടുപ്പമേറിയ മേഖലയാണെന്നും, പലപ്പോഴും അതിൻ്റെ ലോകം നല്ലതല്ല എന്നും പറഞ്ഞു. എങ്കിലും ഇന്നത് നല്ല ലോകമാണ്, ഞാനതിനെ അഭിനന്ദിക്കുന്നു. ഏറ്റവും സുഗമമായ പരിവർത്തനമായിരിക്കും ഉണ്ടാകുന്നതെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2020ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുന്നത്.

127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ, ആദ്യമായി അധികാരത്തിൽ തിരിച്ചെത്തുന്ന വ്യക്തിയെന്ന നേട്ടവും ഡൊണാൾഡ് ട്രംപ് ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ സ്വന്തം പേരിലാക്കിയിരുന്നു. കമലാ ഹാരിസിന്റെ 226 വോട്ടിന് എതിരെ, 312 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് വിജയമുറപ്പിച്ചത്.

SCROLL FOR NEXT