NEWSROOM

തസ്ലീമ വിളിച്ച ആയിരക്കണക്കിന് പേരിലൊരാളാണ് താനെന്ന് ജിൻ്റോ; തസ്ലീമയെ വർഷങ്ങളായി അറിയാമെന്ന് ജോഷി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒന്നാം പ്രതി തസ്ലീമയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എക്സൈസ്. ഇന്ന് ബിഗ് ബോസ് ജേതാവ് ജിൻ്റോ, സിനിമാ നിർമ്മാണ സഹായി ജോഷി എന്നിവരെ എക്സൈസ് ചോദ്യം ചെയ്തു. തസ്ലീമയെ വർഷങ്ങളായി അറിയാമെന്നും പരിചയത്തിന്റെ പേരിൽ പണം നൽകിയിട്ടുണ്ടെന്നും ലഹരി ഇടപാട് സംബന്ധിച്ച് വിവരങ്ങളൊന്നും അറിയില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരായ ജോഷി പ്രതികരിച്ചു.



ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒന്നാം പ്രതി തസ്ലീമയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. രാവിലെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ജോഷിയുടെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു. തസ്ലീമയുടെ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ജോഷിയുടെ പ്രതികരണം.



പത്ത് മണിയോടെ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് മുൻ ബിഗ് ബോസ് താരം ജിൻ്റോ ആലപ്പുഴയിലെ എക്സൈസ് ഓഫീസിലെത്തിയത്. തസ്ലീമ ആയിരക്കണക്കിന് ആളുകളെ വിളിച്ചിട്ടുണ്ടെന്നും അതിൽ ഒരാളാണ് താനെന്നുമായിരുന്നു ജിൻ്റോയുടെ പ്രതികരണം. ചോദ്യം ചെയ്യലിന് ശേഷം കുറേ കാര്യങ്ങൾ പറയാൻ ഉണ്ടെന്നും ജിൻ്റോ.

ഒന്നാം പ്രതി തസ്ലീമയുടെ മൊബൈൽ ഫോൺ പരിശോധനയിൽ സിനിമാ മേഖലയിലുള്ളവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻ്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് ഹൈബ്രിഡ് ലഹരി വിൽപനയുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

SCROLL FOR NEXT