NEWSROOM

കർണാടക ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടി രൂപയുടെ MDMAയുമായി ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിൽ

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി അഡോണിസ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ പ്രധാനകണ്ണികളെന്നും പൊലീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കർണാടക ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയുമായി മംഗളൂരു പൊലീസ്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും ഏകദേശം 75 കോടി രൂപ വിലമതിക്കുന്ന 37 കിലോയിലധികം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇവർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ പ്രധാനകണ്ണികളെന്നും പൊലീസ് അറിയിച്ചു.

കർണാടകയിലും അയൽസംസ്ഥാനങ്ങളിലുമായി വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി അഡോണിസ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ട്രോളി ബാഗിൽ നിന്നും 37.8 കിലോ എംഡിഎംഎ പൊലീസ് കണ്ടെടുത്തു. രണ്ട് ട്രോളി ബാഗുകള്‍, പാസ്‌പോര്‍ട്ട്, 18000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

2016ൽ തുണിക്കച്ചവടത്തിനായാണ് ആബിഗലി ആദ്യമായി ഇന്ത്യയിലെത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം, 2020ൽ ഇന്ത്യയിലെത്തിയ അഡോണിസ് ഡല്‍ഹിയില്‍ ഒരു ഫുട്കാര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിന്നാലെയാണ് മയക്കുമരുന്ന് ശൃംഗലയിൽ കണ്ണികളാവുന്നത്. ഇരുവരും ഡല്‍ഹിയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട്  കഴിഞ്ഞ വർഷം ഇവർ 37 തവണ മുംബൈയിലേക്കും 22 തവണ ബെംഗളൂരുവിലേക്കും യാത്ര നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.


2024ലെ മംഗളൂരു ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ നടന്ന അറസ്റ്റിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ വന്‍ മയക്കുമരുന്ന് വേട്ടയിൽ കലാശിച്ചത്. അന്ന് ഹൈദര്‍ അലി എന്ന വ്യക്തിയിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലലിൽ ഹൈദര്‍ അലി ചില വിവരങ്ങൾ പൊലീസ് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ മയക്കുമരുന്ന് ശൃംഗലയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

ഈ സംഭവത്തിന് ശേഷമാണ് നൈജീരിയൻ സ്വദേശിയായ പീറ്റർ ഇക്കെഡി മയക്കുമരുന്നുമായി പിടിയിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തതോടെ വിദേശ പൗരന്മാരെ ഉപയോഗിച്ച് ബെംഗളൂരുവിലേക്ക് ലഹരി മരുന്ന് കടത്തുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് ദക്ഷിണാഫ്രിക്കൻ  വനിതകൾ പിടിയിലാവുന്നത്.

SCROLL FOR NEXT