NEWSROOM

ഗൂഗിള്‍ മാപ്പ് നോക്കി ഗോവയിലേക്ക് സഞ്ചരിച്ചു; ബീഹാര്‍ കുടുംബം എത്തിപ്പെട്ടത് കര്‍ണാടകയിലെ കാട്ടില്‍

ഭീംഗഡ് വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന വനമേഖലയിലാണ് ബീഹാര്‍ കുടുംബം വഴിതെറ്റി എത്തിപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്



ബീഹാറില്‍ നിന്ന് ഗോവയിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കി പോയ കുടുംബം എത്തിപ്പെട്ടത് കര്‍ണാടകയിലെ കാട്ടില്‍. ഭീംഗഡ് വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന വനമേഖലയിലാണ് ബീഹാര്‍ കുടുംബം വഴിതെറ്റി എത്തിപ്പെട്ടത്. ഖാനാപൂര്‍ ടൗണ്‍ വഴി പോകുന്നതിനിടെ ഗൂഗിള്‍ മാപ്പ്, വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള വഴി കാണിച്ചു കൊടുക്കുകയായിരുന്നു.

എന്നാല്‍ നെറ്റ്‌വര്‍ക്ക് പോലും ഇല്ലാത്ത പ്രദേശത്ത് കൂടി സഞ്ചരിക്കേണ്ടി വന്ന വാഹനം ഏഴ് കിലോമീറ്റര്‍ കഴിഞ്ഞതോടെ വനത്തിനകത്ത് ഒറ്റപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒരു കുഞ്ഞടക്കം ആറോ ഏഴോ പേരാണ് കാട്ടിനകത്ത് ഒറ്റപ്പെട്ടു പോയതെന്ന് ഖാനാപൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ് നായക് പറഞ്ഞു.

രാത്രി മുഴുവന്‍ വനത്തിനകത്ത് ഒറ്റപ്പെട്ട കുടുംബത്തിന് അടുത്ത ദിവസം വീണ്ടും ഏകദേശം മൂന്ന് കിലോമീറ്ററോളം വാഹനവുമായി മുന്നോട്ട് പോയതിന് ശേഷമാണ് മൊബൈലില്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നത്. പിന്നാലെ ഇവര്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.

ബെലാഗവി പൊലീസ് കണ്‍ട്രോള്‍ റൂം ആണ് ഖാനാപൂര്‍ പൊലീസിന് കുടുംബത്തിന്റെ വിവരങ്ങള്‍ നല്‍കിയത്. ഇവര്‍ ജിപിഎസിന്റെയും ഗ്രാമത്തിലെ ആളുകളുടെയും സഹായത്തോടെ കുടുംബം ഒറ്റപ്പെട്ട സ്ഥലം കണ്ടു പിടിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.


അടുത്തിടെ സമീപ ഗ്രാമത്തിലെ ഒരു കര്‍ഷകനും സമാനമായി കാടിനകത്ത് ഒറ്റപ്പെട്ടു പോയിരുന്നു. ഇയാള്‍ക്ക് കരടിയുടെ ആക്രമണത്തില്‍ കാലിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയും ചെയ്തു. സാധാരണ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഗ്രാമീണര്‍ കൂട്ടമായോ കൈയ്യില്‍ ആയുധങ്ങളുമായോ ആണ് നടക്കാറെന്നാണ് പൊലീസ് പറയുന്നത്.

ഇത് ആദ്യമായല്ല യാത്രക്കാരെ ഗൂഗിള്‍ മാപ്പ് പറ്റിക്കുന്നത്. കഴിഞ്ഞ നവംബര്‍ 24ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള മൂന്ന് പേര്‍ രാംഗംഗ നദിയില്‍ വീണ് മുങ്ങി മരിച്ചിരുന്നു. കാറില്‍ വരികയായിരുന്ന ഇവര്‍ ഗൂഗിള്‍ മാപ്പ് കാണിച്ച ലൊക്കേഷന്‍ പ്രകാരം പണി പൂര്‍ത്തിയാകാത്ത പാലത്തിലൂടെ സഞ്ചരിക്കുകയും ഇവിടെ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ് മരിക്കുകയുമായിരുന്നു.

SCROLL FOR NEXT