ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലെ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തിൽ ഇന്ന് 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 35 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
സിവാൻ സദർ ആശുപത്രിയിലും ബസന്ത്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി ആകെ 79 പേരെ പ്രവേശിപ്പിച്ചതായി സിവാൻ ജില്ലാ മജിസ്‌ട്രേറ്റ് മുകുൾ കുമാർ ഗുപ്ത പറഞ്ഞു. ഇവരിൽ 13 രോഗികളുടെ നില ഗുരുതരമായതിനാൽ ചികിത്സയ്ക്കായി പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് 30 പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. മരിച്ച 28 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. അവരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തെന്നും ഗുപ്ത കൂട്ടിച്ചേർത്തു. ജില്ലയിൽ വ്യാജമദ്യം മൂലം 60 പേർ രോഗബാധിതരായിരുന്നു.
സിവാനിലെ ഭഗവാൻപൂർ, മദാർ, ഖൈറ, കൗഡിയ ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ മരിച്ചതുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തതായും സിവാൻ പൊലീസ് സൂപ്രണ്ട് അമിതേഷ് കുമാർ പറഞ്ഞു. കൂടുതൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്‌പി അറിയിച്ചു.