ബിഹാറിന് പ്രത്യേക പദവി നൽകാനുള്ള നിർദേശം കേന്ദ്ര സർക്കാർ നിഷേധിച്ചു. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവിൻ്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ബിഹാറിന് പ്രത്യേക പദവി നൽകണമെന്നത്. ബിഹാറിന് പ്രത്യേക പദവി നൽകുന്നതിൽ സർക്കാരിൻ്റെ തീരുമാനം എന്താണെന്ന് ജെഡിയു എംപിയായ രാംപ്രിത് മണ്ഡൽ ചോദ്യം ഉന്നയിച്ചു.
ഇതിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നൽകിയ മറുപടിയിലാണ് ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക വളർച്ചയും വ്യവസായവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ചത്. പക്ഷെ നിർദേശങ്ങളെ സർക്കാർ തള്ളിക്കളയുകയായിരുന്നു.
ബിഹാറിന് പ്രത്യേക പദവി നൽകണമെന്നത് ജെഡിയുവിൻ്റെ ഏറെക്കാലത്തെ ആവശ്യമാണ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലും ജെഡിയു ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രത്യേക പദവി നൽകാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ ബിഹാറിലെ പ്രതിപക്ഷം ജെഡിയുവിനെതിരെ ആഞ്ഞടിച്ചു.
സംസ്ഥാനം മലയോര ഭൂപ്രദേശമായിരിക്കണം, ജനസാന്ദ്രത കുറവായിരിക്കണം, അതല്ലെങ്കിൽ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം, അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാകണം, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നൽകേണ്ട എന്ന് തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.