NEWSROOM

ബിഹാറിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് നേരെ കയ്യേറ്റശ്രമം; തളരില്ലെന്ന് മന്ത്രി

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണെന്നും ബെഗുസരായ് എ‌സ്‌പി മനീഷ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ബിഹാറിൽ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് നേരെ കയ്യേറ്റശ്രമം. ബിഹാർ തലസ്ഥാനമായ പാട്നയിൽ നിന്ന് 125 കിലോമീറ്റർ മാറി സ്വന്തം മണ്ഡലമായ ബെഗുസരായിൽ ജനതാ ദർബാർ പരിപാടി നടത്തുന്നതിനിടെയാണ് ഗിരിരാജ് സിങ്ങിന് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ജനങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കാണികളിലൊരാൾ മൈക്ക് തട്ടിയെടുത്ത് 71കാരനായ ഗിരിരാജ് സിങ്ങിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സമയോചിതമായി ഇടപെടുകയായിരുന്നു.

ചടങ്ങ് അവസാനിപ്പിക്കുന്നതിനിടെ തന്നിൽ നിന്നും ഒരാൾ മൈക്ക് തട്ടിയെടുത്ത് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും, അയാൾ മുർദാബാദ് മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എന്നാൽ, ഇത്തരം കയ്യേറ്റങ്ങളിലൊന്നും താൻ ഭയപ്പെടില്ല, ഞാൻ എന്നും സമൂഹത്തിൻ്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി സംസാരിക്കും. കയ്യിൽ ഒരു തോക്ക് കൂടി ഉണ്ടായിരുന്നെങ്കിൽ അയാൾ തന്നെ കൊല്ലുമായിരുന്നു എന്നും ഗിരിരാജ് സിങ് വീഡിയോയിൽ പറഞ്ഞു.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണെന്നും ബെഗുസരായ് എ‌സ്‌പി മനീഷ് അറിയിച്ചു.

READ MORE: രാജ്യത്ത് കനത്ത മഴ തുടരും; ആന്ധ്രയിൽ മരിച്ചത് എട്ടു പേർ

SCROLL FOR NEXT