ബിഹാർ വൈദ്യുതി വകുപ്പിലെ ടെൻഡർ അഴിമതിയുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥനെയും മുൻ ആർജെഡി എംഎൽഎയെയും അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഹാൻസ്, ജഞ്ജർപൂർ മുൻ എംഎൽഎ ഗുലാബ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഹാൻസ്, യാദവ് എന്നിവരുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ വ്യാഴാഴ്ച ഇഡി ഒന്നിലധികം റെയ്ഡുകൾ നടത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പുള്ള അവസാനവട്ട നടപടിയായിരുന്നുവിത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഡൽഹിയിൽ നിന്നാണ് യാദവിനെ കസ്റ്റഡിയിലെടുത്തത്. പാട്നയില്‍ നിന്നാണ് ഹാന്‍സ് പിടിയിലായത്. ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്.
സംസ്ഥാന ഊർജ വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സഞ്ജീവ് ഹാൻസിനെ കഴിഞ്ഞ ഓഗസ്റ്റില്‍ പൊതുഭരണ വകുപ്പിലേക്ക് മാറ്റിയിരുന്നു. ടെന്‍ഡർ അഴിമതിക്കേസില്‍ ഇഡി ആദ്യ ഘട്ട അന്വേഷണം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഈ വകുപ്പുമാറ്റം. മുന്‍പ് ഹാന്‍സിനെതിരെ ലൈംഗിക പീഡന പരാതിയും ഉയർന്നുവന്നിരുന്നു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ഹാൻസിനെതിരെയുള്ള ആരോപണം. ഈ കേസ് ഓഗസ്റ്റിൽ പട്‌ന ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.