NEWSROOM

"പിഎസ്‌സി പരീക്ഷ വീണ്ടും നടത്തണം"; ബിഹാറിൽ തെരുവിലിറങ്ങി ആയിരക്കണക്കിന് ഉദ്യോഗാർഥികള്‍, പ്രശാന്ത് കിഷോറിനെതിരെ കേസെടുത്ത് പൊലീസ്

സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ജൻ സൂരജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിനെതിരെ പൊലീസ് കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

ബിഹാറില്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേടാരോപിച്ച് പ്രതിഷേധം ശക്തമാക്കി ഉ​ദ്യോ​ഗാർഥികള്‍. പ്രിലിമിനറി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉ​ദ്യോ​ഗാർഥികള്‍ തെരുവിലിറങ്ങി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ജൻ സൂരജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിനെതിരെ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഡിസംബർ 13ന് ബിഹാറില്‍ നടന്ന പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചാണ് പാട്നയിലെ ​ഗാന്ധി മൈതാനത്ത് പ്രതിഷേധം ശക്തമാകുന്നത്. പിഎസ്‌സി പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്നും, ഉദ്യോ​ഗാർഥികള്‍ക്ക് ചോദ്യപേപ്പർ വൈകി നല്‍കിയെന്നുമാണ് സമരക്കാരുടെ ആരോപണം. പരീക്ഷ തുടങ്ങി ഒരു മണിക്കൂറിന് ശേഷം ചോദ്യപേപ്പർ നല്‍കിയതിനാല്‍ നിരവധി ഉ​ദ്യോ​ഗാർഥികള്‍ക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ഇതോടെയാണ് ഉദ്യോ​ഗാർഥികള്‍ ഗാന്ധി മൈതാനത്ത് സമരത്തിനിറങ്ങിയത്. തുടർന്ന് സമക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ലാത്തി ചാർജില്‍ കലാശിക്കുകയുമായിരുന്നു.


നേരത്തെ നടത്തിയ പരീക്ഷ റ​ദ്ദാക്കണമെന്നും പ്രിലിമിനറി പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് സമരക്കാരുടെ ആവശ്യം. കൂടാതെ ബിഹാറിലെ എല്ലാ പരീക്ഷകളിലും നടക്കുന്ന അഴിമതി അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. എന്നാല്‍ പരീക്ഷ റ​ദ്ദാക്കണമെന്ന ആവശ്യം അടിസ്ഥാന രഹിതമെന്നും സ്വകാര്യ കോച്ചിങ് സെൻ്ററുകളാണ് സമരത്തിന് പിന്നിലെന്നുമാണ് സർക്കാരിൻ്റെ വിശദീകരണം. അതേസമയം ജൻ സൂരജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ഉദ്യോ​ഗാർഥികളുടെ സമരത്തിന് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ ക്രമക്കേടുകള്‍ അവസാനിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

SCROLL FOR NEXT