NEWSROOM

ശസ്ത്രക്രിയ നടത്തിയത് യൂട്യൂബ് വീഡിയോ നോക്കി; വ്യാജ ഡോക്ടറുടെ കൈപ്പിഴയിൽ 15 കാരന് ദാരുണാന്ത്യം

ഗണപതി സേവാ സദനിലെ സ്വയം പ്രഖ്യാപിത ഡോക്ടറെയും മറ്റ് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്

Author : ന്യൂസ് ഡെസ്ക്

യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് 15 കാരന് ദാരുണാന്ത്യം. ബിഹാറിലെ സരണിലാണ് സംഭവം. വ്യാജ ഡോക്ടർ അജിത് കുമാറാണ് യൂട്യൂബ് വീഡിയോകൾ നോക്കി ശസ്ത്രക്രിയ ചെയ്തത്. പിത്തസഞ്ചിയിൽ നിന്നും കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.

ശസ്ത്രക്രിയക്ക് ശേഷം കൗമാരക്കാരൻ്റെ സ്ഥിതി വഷളായപ്പോൾ, പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ തന്നെ ആംബുലൻസ് ഏർപ്പാട് ചെയ്തു. പക്ഷെ, കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഡോക്ടറും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.


പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കൃഷ്ണകുമാറിനെ സരണിലെ ഗണപതി ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ ഛർദ്ദി നിലച്ചുവെങ്കിലും ശസ്ത്രക്രിയ നടത്താൻ ഡോക്ടർ അജിത് കുമാർ ആവശ്യപ്പെടുകയായിരുന്നു. "ഓപ്പറേഷൻ നടത്തിയതിന് ശേഷമാണ് എൻ്റെ മകൻ മരിച്ചത്. ഡോക്ടർക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് അറിയില്ല" കുടുംബാംഗങ്ങൾ പറഞ്ഞു. അയാൾ സ്വയം പ്രഖ്യാപിത ഡോക്ടറാണെന്ന് കരുതുന്നതായും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു. വീട്ടുകാരുടെ സമ്മതമില്ലാതെ കുട്ടിയെ ഓപ്പറേഷൻ ചെയ്തെന്നാണ് ലഭ്യമാകുന്ന വിവരം.

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. ഗണപതി സേവാ സദനിലെ സ്വയം പ്രഖ്യാപിത ഡോക്ടറെയും മറ്റ് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു വരികയാണ്.

SCROLL FOR NEXT