NEWSROOM

VIDEO | ഗുജറാത്തില്‍ മുതലയുമായി ബൈക്ക് സവാരി; രക്ഷാപ്രവർത്തകരുടെ വീഡിയോ വൈറല്‍

രക്ഷാപ്രവർത്തനത്തിനിടെ ഇരുവരും ഒരു മുതലയുമായി ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഗുജറാത്തിലെ വഡോദരയില്‍ വെള്ളപ്പൊക്കം ശമിച്ചു വരുന്നതിനു പിന്നാലെ 40 മുതലകളെയാണ് ജനവാസ മേഖലയില്‍ നിന്നും രക്ഷപ്പെടുത്തിയത്. കനത്ത മഴയില്‍ നഗരത്തിലൂടെ ഒഴുകുന്ന വിശ്വമിത്രി നദി കരകവിഞ്ഞൊഴുകിയതോടെയാണ് മുതലകൾ നഗരത്തിലേക്ക് കടന്നത്. വനം വകുപ്പും എന്‍ജിഒകളും ചേർന്നാണ് മുതലകളെ രക്ഷപ്പെടുത്തിയത്. മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാന്‍ നിരവധി സന്നദ്ധ പ്രവർത്തകരാണ് രംഗത്തുള്ളത്.

മുതലകളെ രക്ഷിക്കാനിറങ്ങിയ സന്നദ്ധ പ്രവർത്തകരില്‍ രണ്ട് പേർ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സന്ദീപ് താക്കൂറും രാജ് ഭവ്സറും. നഗരത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഒരു മുതലയുമായി ഇരുവരും ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. ഒരാള്‍ ബൈക്കോടിക്കുമ്പോള്‍ മറ്റൊരാള്‍ മുതലയുമായി പിന്നില്‍ ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍. വഡോദരയിലെ മഞ്ചൽപുരിലാണ് ഇവർ രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നത്. മുതലയുമായി വനം വകുപ്പിന്‍റെ ഓഫീസിലേക്കുള്ള യാത്രാ മധ്യേയാണ് ഈ മൂവർ സംഘം ക്യാമറയില്‍ പതിഞ്ഞത്.


വിശ്വമിത്രി നദിയുടെ തീരത്താണ് വഡോദര നഗരം സ്ഥിതി ചെയ്യുന്നത്. വലിയ തോതില്‍ മുതലകളുള്ള നദിയാണിത്. വെള്ളപ്പൊക്കത്തില്‍ ഇവ നഗരത്തിലേക്ക് ഒഴുകിയെത്തുന്നത് പതിവാണ്. ഇതുവരെ 40 മുതലകളെയാണ് നഗരത്തില്‍  നിന്നും രക്ഷപ്പെടുത്തിയതെന്ന് വനം വകുപ്പിലെ ഡെപ്യൂട്ടി കണ്‍സർവേറ്റർ അഗ്നീശ്വർ വ്യാസ് എന്‍ഡിടിവിയോട് പറഞ്ഞത്. ഇതില്‍ 33 മുതലകളെ നദിയിലേക്ക് തിരികെ വിട്ടു. അഞ്ചെണ്ണം രക്ഷാപ്രവർത്തന കേന്ദ്രത്തിലാണെന്നും രണ്ടെണ്ണം അപകടത്തില്‍ ചത്തുപോയതായും വ്യാസ് പറഞ്ഞു.

അതേസമയം, ഗുജറാത്തിൽ തുടരുന്ന കനത്ത മഴയിൽ കഴിഞ്ഞ ദിവസങ്ങളില്‍ 28 പേരാണ് മരിച്ചത്. 17,800 പേരെ ദുരന്തബാധിത മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. പ്രളയം മൂലം ഒറ്റപ്പെട്ട 95 പേരെ എൻഡിആർഎഫ് രക്ഷപെടുത്തി. 5000ത്തോളം പേരെ പുനരധിവസിപ്പിച്ചെന്നും 12,000 പേരെ രക്ഷപെടുത്തിയെന്നും ആരോഗ്യമന്ത്രി റിഷികേശ് പട്ടേൽ അറിയിച്ചു.

പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി മോദി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റിപ്പോർട്ടുണ്ട്.

രൂക്ഷമായ വെള്ളപ്പൊക്കത്തിന് ശേഷം സംസ്ഥാനം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. സംസ്ഥാന സർക്കാർ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും രോഗങ്ങൾ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

SCROLL FOR NEXT