NEWSROOM

"എഡിജിപിയെ മാറ്റിയെ തീരൂ, ഇത് സിപിഐയുടെ നിലപാട്"; എം.വി. ഗോവിന്ദനെ തള്ളി ബിനോയ് വിശ്വം

ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല

Author : ന്യൂസ് ഡെസ്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദനെ തള്ളി സിപിഐ. എഡിജിപിയെ മാറ്റിയെ തീരൂവെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. ഞാൻ പറയുന്നത് എന്റെ അഭിപ്രായമല്ല, സിപിഐയുടെ നിലപാടാണെന്നും, എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

പി.വി. അൻവ‍ർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ രൂക്ഷ വിമ‍ർശനമുയർത്തിയിരുന്നു. അന്‍വറിന് കമ്മ്യൂണിസ്റ്റ് രീതികള്‍ അറിയില്ലെന്നും, പാര്‍ട്ടി അംഗമല്ലാത്ത അദ്ദേഹത്തിന് അണികളുടെ പേരില്‍ ആളാകാന്‍ അര്‍ഹതയില്ലെന്നും എം.വി ഗോവിന്ദന്‍ തുറന്നടിച്ചിരുന്നു. എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അൻവർ പാർട്ടിയിലും മുഖ്യമന്ത്രിയിലും വിശ്വാസം അർപ്പിച്ചില്ലെന്നും, ബിജെപി-യുഡിഎഫ് ഉന്നയിക്കുന്ന വാദമാണ് അൻവർ ഉന്നയിച്ചതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു.

അതേസമയം, താൻ ഉന്നയിച്ച ആരോപണങ്ങളിലും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കേസുകളിലും ഇനി പ്രതീക്ഷ കോടതിയിൽ മാത്രമെന്ന് പി.വി. അൻവർ പറഞ്ഞു. അപ്രൈസറുടെ അനധികൃത സമ്പാദനം, റിദാൻ വധക്കേസ്, മാമി തിരോധാന കേസ് എന്നിവയിൽ അന്വേഷണം വിപുലമാക്കാൻ കോടതിയെ സമീപിക്കുമെന്നും, മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

ALSO READ: മഞ്ഞപ്പത്രക്കാരുടെ ആരോപണങ്ങള്‍ അന്‍വര്‍ ഏറ്റുപിടിക്കുന്നു; സ്‌ക്രിപ്റ്റുകള്‍ കോപ്പിയടിക്കുന്നു: വി.കെ സനോജ്

SCROLL FOR NEXT