NEWSROOM

അന്‍വറിൻ്റേത് പഴകിപ്പുളിച്ച ആരോപണങ്ങള്‍; വെളിയം ഭാര്‍ഗവനെ കുറിച്ച് പറയാന്‍ അന്‍വറിന് അര്‍ഹതയില്ല: ബിനോയ് വിശ്വം

സിപിഐക്കതിരെയും ബിനോയ് വിശ്വത്തിനെതിരെയും അൻവർ രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഏറനാട് നിയമസഭ സീറ്റ് വിറ്റ് സിപിഐ നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന പി.വി. അൻവറിൻ്റെ ആരോപണത്തിന് മറുപടി പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവറിന് എന്ത് രാഷ്ട്രീയമാണ് ഉള്ളത്. പഴകി പുളിച്ച ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. വെളിയം ഭാർഗവനെക്കുറിച്ച് പറയാൻ അൻവറിന് അർഹതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്കെതിരെയും ബിനോയ് വിശ്വത്തിനെതിരെയും അൻവർ രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ബിനോയ് വിശ്വം തനിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് അൻവർ ആരോപിച്ചിരുന്നു. ഒരു ഘട്ടത്തിൽ പണം വാങ്ങി ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് ബിനോയ് വിശ്വത്തിൻ്റെ സിപിഐയെന്നും അൻവർ വിമർശിച്ചിരുന്നു. 2021 ൽ ഏറനാട് മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കിയാൽ മുസ്ലീം ലീഗ് സ്ഥാനാർഥി തോൽക്കുമെന്നിരിക്കെ, തന്നെ പിന്തുണക്കാതിരിക്കാൻ മുസ്ലീം ലീഗിൽ നിന്നും സിപിഐ 25 ലക്ഷം രൂപ വാങ്ങിയെന്നും അൻവർ പറഞ്ഞിരുന്നു. യൂനസ് കുഞ്ഞുവഴിയാണ് സിപിഐ ഈ പണം കൈപറ്റിയതെന്നും ഇതിൻ്റെ തെളിവുകൾ ഉൾപ്പെടെ തൻ്റെ കയ്യിലുണ്ടെന്നുമാണ് അൻവർ പറഞ്ഞത്.  വെളിയം ഭാര്‍ഗവനുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. അന്ന് ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടതിന് കാരണം സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ നാട്ടുകാര്‍ക്ക് പോലും അറിയാത്തതുകൊണ്ടായിരുന്നുവെന്നും താന്‍ നിന്നാൽ ജയിക്കുമെന്ന് ലീഗിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. സീറ്റ് വിൽക്കുന്ന പാർട്ടിയാണെന്നും ഇത്തവണയും സീറ്റ് വിറ്റെന്നും അൻവർ പറഞ്ഞു.

ബിനോയ് വിശ്വം രാവിലെ അൻവറിനെതിരെ നടത്തിയ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹം രംഗത്തെത്തിയത്. പിവി അൻവർ ഒരു പാഠമാണെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പരാമർശം. അൻവറിനെപ്പോലുള്ള ആളുകൾ വരുമ്പോൾ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച്, തലയിൽ എടുത്തുവെച്ച് അര്‍ഹത പരിഗണിക്കാതെ അവര്‍ക്ക് പ്രൊമോഷന്‍ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി. ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവര്‍ എന്താണോ അതാണ് അവര്‍. അത് ലവലേശം മാറിയിട്ടില്ല. അപ്പോൾ അത്തരം ആളുകൾ വരുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ്. അത് എല്ലാവർക്കും ബാധകമാണ്- എന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പരാമർശം.

SCROLL FOR NEXT