NEWSROOM

പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ; വസ്തുതയാണെങ്കിൽ ആരോപണം ഗൗരവമുള്ളത്: ബിനോയ് വിശ്വം

മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളോടും പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പാർട്ടിയിലും പറയുമെന്നും മാധ്യമങ്ങളെ കാണുന്ന വേളയിൽ ബിനോയ് വിശ്വം പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറഞ്ഞതെല്ലാം വസ്തുതയാണെങ്കിൽ ആരോപണം ഗൗരവമുള്ളതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊള്ളാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം. അതിന് ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളോടും, പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പാർട്ടിയിലും പറയുമെന്നും മാധ്യമങ്ങളെ കാണുന്ന വേളയിൽ ബിനോയ് വിശ്വം പ്രതികരിച്ചു. ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎയായ പി.വി. അൻവർ ഉന്നയിച്ചത്. സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നുണ്ടെന്നുമാണ് പി.വി. അൻവർ എംഎൽഎയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പി.വി. അൻവർ ആഞ്ഞടിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പൂർണ പരാജയമാണെന്നും പൊലീസുകാരുടെ രാഷ്ട്രീയം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമ പ്രവർത്തകരുടേയും ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

SCROLL FOR NEXT