രാജ്യത്തെ മുൻനിര ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഓർഡറിൽ ഇത്തവണയും ഒന്നാമതായി ബിരിയാണി. തുടർച്ചയായ ഒൻപതാം തവണയാണ് ബിരിയാണി ഒന്നാമതാകുന്നത്. ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കണക്കെടുത്താൽ, 83 മില്യൺ ബിരിയാണി ഓർഡറുകളാണ് വിറ്റഴിച്ചത്. ഓരോ മിനുട്ടിലും 158 പ്ലേറ്റും, ഓരോ സെക്കൻ്റിലും രണ്ട് പ്ലേറ്റ് ബിരിയാണിയ്ക്കും ഓർഡർ ലഭിക്കുന്നുണ്ടെന്നാണ് സ്വിഗ്ഗി അവകാശപ്പെടുന്നത്.
ബിരിയാണിയിൽ തന്നെ ചിക്കൻ ബിരിയാണിക്കാണ് ആരാധകരേറെയുള്ളത്. പ്രധാനമായും രാത്രിയിലാണ് ബിരിയാണിക്ക് ഓർഡറുകൾ ലഭിക്കുന്നത്. ഉച്ചസമയത്തേക്കാളും 29% അധികം ഓർഡറുകളാണ് രാത്രിയിൽ ബിരിയാണിക്ക് ലഭിക്കുന്നത്. അതും അര്‍ദ്ധരാത്രി 12നും രണ്ടുമണിക്കുമിടയിലാണ് ഏറ്റവും കൂടുതല്‍ ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്. ബിരിയാണിക്ക് പിന്നാലെ 23 മില്യൺ ഓർഡറുകളോടെ ദോശയാണ് രണ്ടാമത്.
ലേറ്റ് നൈറ്റ് ക്രേവിങ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബിരിയാണി. ഈ പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത് ചിക്കന്‍ ബര്‍ഗറാണ്. 1.84 മില്യൺ ബർഗറുകളാണ് ഈ സമയത്ത് ഓർഡർ ചെയ്തത്. സ്നാക്സുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ചിക്കൻ റോളിനാണ്. 2.48 മില്യൺ ഓർഡറുകളാണ് ചിക്കൻ റോളിന് ലഭിച്ചത്.