മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ച് ബിജെപി. ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് സ്ഥിരീകരിച്ചത്. മുംബൈയിലെ ആസാദ് മൈതാനത്തിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. എന്നാല്‍ ആരാകും മുഖ്യമന്ത്രിയാകുക എന്ന കാര്യത്തില്‍ മുന്നണിയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല.
288 അംഗ സഭയിൽ 132 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മഹായുതി സഖ്യത്തിലെ മറ്റ് കക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും യഥാക്രമം 57, 41 സീറ്റുകളാണ് നേടിയത്. ഫല പ്രഖ്യാപനത്തിനു മുന്‍പ് തന്നെ മുന്നണിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അസ്വാരസ്യങ്ങള്‍ ഉയർന്നിരുന്നു.
നവംബർ 23ന് ഫലം പ്രഖ്യാപിച്ചതിനു ശേഷം ഡൽഹിയിലും മുംബൈയിലും നേതാക്കള്‍ തമ്മില്‍ ചർച്ചകൾ നടന്നെങ്കിലും പുതിയ സഖ്യ സർക്കാരിൻ്റെ മുഖം ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. ശിവസേനയില്‍ നിന്നും ഏക്നാഥ് ഷിന്‍ഡെയും ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസുമാണ് മുഖ്യമന്ത്രി കസേരയ്ക്കായുള്ള മത്സരത്തില്‍ മുന്‍നിരയില്‍. എറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വമായിരിക്കും അവസാന വാക്കെന്ന തരത്തില്‍ നേതാക്കളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ വന്നിരുന്നു.
Also Read: പട വിജയിച്ചു ഇനി പാളയത്തില്‍ പോര്; മഹായുതിയുടെ മുഖ്യമന്ത്രി ആരാകും? ഷിന്‍ഡെയോ ഫഡ്നാവിസോ?
ഒരു മുഖ്യമന്ത്രി-രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന പഴയ ഫോർമുല തന്നെ വീണ്ടും സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു. അപ്പോഴും മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കായിരിക്കും എന്നായിരുന്നു അഭ്യൂഹം. ഇത് അംഗീകരിക്കുന്ന തരത്തിലായിരുന്നു ഷിന്‍ഡെയുടെ പ്രതികരണവും. താൻ ഒരു തടസ്സം ആകില്ലെന്നും ഉന്നത പദവി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് അനുസരിച്ച് പോകുമെന്നുമായിരുന്നു ഷിന്‍ഡെയുടെ നിലപാട്.