NEWSROOM

ഹരിയാന നിയമസഭാ തെരഞ്ഞടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറക്കാൻ സ്ഥാനാർത്ഥി നിർണയത്തിലടക്കം വലിയ അഴിച്ചുപണി നടന്നേക്കാമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്



ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ധാരണയായി. ഒക്ടോബർ ഒന്നിനാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറക്കാൻ സ്ഥാനാർത്ഥി നിർണയത്തിലടക്കം വലിയ അഴിച്ചുപണി നടന്നേക്കാമെന്നാണ് റിപ്പോർട്ട്. 

ഹരിയാനയിൽ നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലുള്ള അധികാര തുടർച്ചയാണ് ബിജെപി സർക്കാർ പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽ നിന്ന് അഞ്ച് സീറ്റിലേക്ക് ഉയർന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയേക്കാൾ വോട്ടും കോൺഗ്രസിനാണ് ലഭിച്ചത്.

പ്രതിപക്ഷ സഖ്യത്തിലെ പ്രധാനപാർട്ടികളായ കോൺഗ്രസും ആംആദ്മി പാർട്ടിയും സഖ്യമില്ലാതെയാണ് ഇത്തവണ മത്സരിക്കുന്നത്. അതിനാൽ തന്നെ ഭരണവിരുദ്ധ വികാരം ഭിന്നിച്ച് പോകുന്നത് ഗുണമാകുമെന്ന വിലയിരുത്തലാണ് ബിജെപിക്ക്. ഇന്ത്യൻ നാഷണൽ ലോക്ദൾ ബിഎസ്‍പിയുമായി സഖ്യം ചേർന്ന് മത്സരിക്കും. മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല നേതൃത്വം നൽകുന്ന ജനനായക് ജനതാ പാർട്ടി, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിൻ്റെ ആസാദ് സമാജ് പാർട്ടിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്.


90 അംഗ ഹരിയാന നിയമസഭയിൽ ഇക്കുറി ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമാകാം എന്ന നിലപാടാണ് കോൺഗ്രസിൻ്റേത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ ബിജെപി വിരുദ്ധരെ ഒന്നിച്ച് നിർത്തി സർക്കാർ രൂപീകരിക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ് .

SCROLL FOR NEXT