നിയമസഭാ തെരഞ്ഞെടുപ്പിന് മിഷൻ 2026 പ്രഖ്യാപിച്ച് ബിജെപി കോർ കമ്മിറ്റി. 21 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. പൂഞ്ഞാറടക്കം കൂടുതൽ ഇടങ്ങളിൽ മത്സരം കടുപ്പിക്കും. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലങ്ങളുടെ ചുമതലക്കാരെ നിശ്ചയിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ബിജെപിക്ക് പൂർണസമയ ഏജൻസിയെ ഏർപ്പെടുത്തും. ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ടീമായ വരാഹിയാണ് ബിജെപിക്കായി കളത്തിലിറങ്ങുക. കേന്ദ്രത്തിൽ ബിജെപിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നവരാണ് വരാഹി. ഇവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ബിജെപിക്ക് വരാഹിയുടെ സേവനം ലഭ്യമാകുക. ഭരണ സാധ്യതയുള്ള കോർപ്പറേഷനുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയുടെ പട്ടികയും ഏജൻസി തയ്യാറാക്കും.
ALSO READ: മഹാവികാസ് അഘാഡിയില്‍ പ്രതിപക്ഷ പദവിയെ ചൊല്ലി ഭിന്നത? നേതൃസ്ഥാനത്തേക്ക് എത്താന്‍ സാധ്യയുള്ളവര്‍ ഇവര്‍
പ്രത്യേകം ജംബോ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. താഴെത്തട്ടിൽ നടത്തിയ പഠനത്തിനനുസരിച്ച്, വരാഹിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിഭജനം.
അതേസമയം, പി.കെ. കൃഷ്ണദാസും, എം.ടി. രമേശും വിഭജനം നടത്തുന്നതിനെതിരെ കോർ കമ്മിറ്റിയിൽ അതൃപ്തി അറിയിച്ചു. സംഘടനാ സംവിധാനത്തെ ദോഷകരമായി ബാധിക്കും എന്നാണ് അവരുടെ നിലപാട്. എന്നാൽ, 25ലധികം മണ്ഡലങ്ങളുള്ള ജില്ല വിഭജിക്കുകയെന്നത് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനമാണെന്ന് സഹപ്രഭാരി അപരാജിത സാരംഗി എംപി മറുപടി നൽകി. ആന്ധ്രാ പ്രദേശിലടക്കം സമാന നടപടിയുണ്ടെന്നും ചൂണ്ടിക്കാട്ടി.