അമേരിക്കൻ സന്ദർശനത്തിനിടെ സിഖുകാരെ അപമാനിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ബിജെപി നുണ പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുകയാണ്. തന്നെ നിശബ്ദനാക്കാൻ ബിജെപിക്ക് സാധിക്കില്ല. പറഞ്ഞതിൽ എന്തെങ്കിലും കള്ളമുണ്ടോയെന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സിഖ് സഹോദരീ സഹോദരന്മാർ പറയട്ടെയെന്നും രാഹുൽ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.
അമേരിക്കൻ സന്ദർശനത്തിനിടെ സിഖ് സമൂഹത്തെക്കുറിച്ച് രാഹുല്‍ നടത്തിയ പരാമർശം ബിജെപി രാഹുലിനെതിരെ ഉപയോഗിച്ച സംഭവത്തിലാണ് ഇപ്പോൾ പ്രതികരണം പുറത്തുവന്നത്. സിഖുകാർക്ക് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയില്‍ പോകാനുമുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നായിരുന്നു രാഹുലിൻ്റെ വാക്കുകള്‍. പിന്നാലെ രാഹുൽ രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് രാഹുലിൻ്റെ പ്രതികരണം.
"താൻ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കള്ളമുണ്ടോ എന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സിഖ് സഹോദരീ സഹോദരന്മാർ പറയണം. ഓരോ സിഖുകാർക്കും, ഓരോ ഇന്ത്യക്കാരനും അവരുടെ മതം ഭയപ്പെടാതെ ആചരിച്ച് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന രാജ്യമാകണം ഇന്ത്യ. സത്യം സഹിക്കാനാവാതെ ബിജെപി എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണ്. പക്ഷേ, സമത്വം, സ്നേഹം എന്നിവയ്ക്കു വേണ്ടി ഞാൻ സംസാരിക്കും".. - രാഹുൽ പറഞ്ഞു.
READ MORE: ബംഗളൂരുവിൽ യുവതിയെ കൊന്ന് 30 കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങൾ റെഫ്രിജറേറ്ററിൽ സൂക്ഷിച്ച നിലയിൽ
രാഹുലിൻ്റെ സിഖ് പരാമർശങ്ങളിൽ ബിജെപി നേതാക്കൾ നൽകിയ പരാതിയിൽ ഛത്തീസ്ഗഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളെടുത്തിട്ടുണ്ട്. മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ട്. പരാതിയിൽ രാഹുലിനെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 299, 302 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.