മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാതെ ബിജെപി. ഡിസംബർ നാലിന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖർ ബവൻകുലെ ഇപ്പോൾ നൽകുന്ന വിവരം. അതേസമയം താൻ ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഏക്നാഥ് ഷിന്ദെ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയാര് ? ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ ദിവസമായി... ഇന്നറിയാം നാളെയറിയാം എന്ന് പറയുന്നതല്ലാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ വലഞ്ഞിരിക്കുകയാണ് ബിജെപി. ബിജെപി എടുക്കുന്ന തീരുമാനമാണ് അന്തിമമെന്നും അതിനോടൊപ്പമുണ്ടാകുമെന്നും ശിവസേനയും ഏക്നാഥ് ഷിന്ദെ പ്രഖ്യാപിച്ചെങ്കിലും കൺഫ്യൂഷൻ മാറാത്ത അവസ്ഥയാണ് ബിജെപിക്ക്.
Also Read; കർഷക പോരാട്ടത്തിന് വീണ്ടും വേദിയായി രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ച് അതിർത്തിയിൽ തടഞ്ഞ് ഡൽഹി പൊലീസ്
ഒടുവിൽ ഡിസംബർ നാലിന് രാവിലെ പത്ത് മണിക്ക് മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും നിയമസഭാ കക്ഷി യോഗത്തിന് മേൽനോട്ടം വഹിക്കും. തൊട്ടടുത്ത ദിവസം മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമെന്നാണ് സൂചന.
ഇന്ന് ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും ഒരുമിച്ചുള്ള യോഗമുണ്ടാകുമെന്നും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നുമായിരുന്നു വിവരം. എന്നാൽ ഇത് തെറ്റിച്ചുകൊണ്ടാണ് ഇപ്പോൾ മഹാരാഷ്ട്ര ബിജെപിയുടെ പ്രഖ്യാപനം പുറത്തുവരുന്നത്. അതേസമയം ഉപമുഖ്യമന്ത്രിയാകുമെന്നുള്ള വാർത്തകൾ ഏക്‌നാഥ് ഷിന്ദെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ തള്ളി ...അത്തരം അവകാശവാദങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ശ്രീകാന്ത് ഷിന്ദെ പറഞ്ഞു.