NEWSROOM

"ജി. സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവ്, സന്ദർശനം വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണമെന്ന മോദിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായി"

ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേർന്ന് ജി സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റും താനും ചേർന്ന് ജി. സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി സുധാകരനെന്നും, ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം അദ്ദേഹത്തിന് സമ്മാനിച്ചെന്നും ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. 'ജി.സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ് സഖാവ്' എന്ന തലക്കെട്ടോടെ ബി. ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സന്ദർശനം നടത്തിയെന്ന ബിജെപി നേതാവിൻ്റെ വെളിപ്പെടുത്തൽ. വീട്ടിലെത്തിയപ്പോൾ ജി. സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായാണ് വീട്ടിൽ പോയതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.


"ബിജെപി ആശയത്തെ ജി. സുധാകരൻ മൗനം കൊണ്ട് സമ്മതിച്ചു. സമ്മാനമായി നൽകിയ ബിജെപി പ്രത്യയ ശാസ്ത്ര ഗ്രന്ഥം ഏകാത്മ മാനവ ദർശനം വായിക്കുമെന്നും, വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞ് കയറി നേതൃത്വം പിടിച്ചെടുക്കുന്നത് വലിയ പ്രത്യഘാതങ്ങള്‍ക്കിടവരുത്തുമെന്ന് ഞങ്ങള്‍ കൃത്യമായും സൂചിപ്പിച്ചു. മൗനമായിരുന്നു മറുപടി. മൗനം സമ്മതമാണങ്കില്‍ ഇക്കാര്യത്തിൽ ആശയപരമായ കാഴ്ചപ്പാടില്‍ അദ്ദേഹം പാതി ബിജെപിയോടൊപ്പമാണ്," ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായ സന്ദർശനം മാത്രമാണെന്ന് ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. തന്നെ കാണാൻ വന്നാൽ വേണുഗോപാൽ സിപിഎമ്മിൽ ചേരുമോ എന്നും സുധാകരൻ ചോദിച്ചു. കെ. സുരേന്ദ്രൻ പറയുന്നതിന് താൻ മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബി. ഗോപാലകൃഷ്ണൻ്റെ സന്ദർശന വാർത്തയോട് സുധാകരൻ പ്രതികരിച്ചിട്ടില്ല.

ബി. ഗോപാലകൃഷ്ണൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

ജി.സുധാകരൻ സത്യസന്ധനായ കമ്മൂണിസ്റ്റ് സഖാവ്:


ഞാനും ആലപ്പുഴ ജില്ല പ്രസിഡൻ്റ് ഗോപകുമാറും ചോദിച്ച് അനുവാദം വാങ്ങി ബി.ജെ.പി തത്വചിന്തയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ഏകാത്മ മാനവ ദർശനം നൽകുവാൻ വേണ്ടിയാണ് സഖാവ് ജീ'സുധാകരനെ കാണാൻപോയത് - അൽപ്പം വൈകി എത്തിയ ഞങ്ങളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അദ്ദേഹവും കുടുംബവും സ്വീകരിച്ചു. ഏകാത്മ മാനവ ദർശനം അദ്ദേഹത്തിന് സമർപ്പിച്ച്, അഴിമതി ഇല്ലാത്ത സത്യസന്ധനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ ആദരിച്ച് ഞങ്ങൾ മടങ്ങി. ആലപ്പുഴ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിയിൽ മതതീവ്രവാദികൾ നുഴഞ്ഞ് കയറി നേതൃത്വം പിടിച്ചെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങൾക്കിടവരുത്തുമെന്ന് ഞങ്ങൾ കൃത്യമായും വ്യക്തമായും അദ്ദേഹത്തോട് സൂചിപ്പിച്ചു. മറുപടി മൗനത്തിലൊതുക്കി അദ്ദേഹം. മൗനം സമ്മതമാണങ്കിൽ ആശയപരമായ കാഴ്ചപ്പാടിൽ അദ്ദേഹം പാതി ബി.ജെ.പി യോടപ്പമാണ്.ഈ കാര്യത്തിൽ ആശയപരമായി മാത്രം. ഞങ്ങൾ ഏറെ നേരം സംസാരിച്ചു. എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിൻ്റെ വിനയവും ലാളിത്യവുമായിരുന്നു - കണ്ടു പഠിക്കേണ്ട വ്യക്തിത്വം.

ഇന്ന് കേരളത്തിൽ ജീവിക്കുന്ന സത്യസന്ധനായ കമ്മ്യൂണിസ്റ്റ് സഖാവാണ് ജി.സുധാകരൻ ' അദ്ദേഹം ബി.ജെ പിയിൽ വരുമെന്നൊ അംഗത്വം എടുക്കുമെന്നൊ ഞാൻ ചിന്തിക്കുന്നില്ല പക്ഷെ ഇന്ന് ബി.ജെ.പി ഉയർത്തിക്കാട്ടുന്ന മതഭീകരതയുടെ സി പി എം ലെ നുഴഞ്ഞ്കയറ്റം അദ്ദേഹവും മനസ്സിലാക്കുന്നു എന്ന് എനിക്ക് തോന്നി.ജമ അത്ത ഇസ്ലാമിയെ കുറിച്ചും ഭീകരവാദ പ്രസ്താനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പാലക്കാട് തിരഞ്ഞെടുപ്പിൽ പറഞ്ഞതിനെപ്പറ്റി സൂചിപ്പിക്കവെ ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ബി.ജെ പി യുടെ വാക്കുകളും ചിന്തകളുമാണ് ഇത് പിണറായി പറയും മുൻപ് ജീ.സുധാകരുനുമായി പങ്ക് വെച്ച കാര്യമാണ് ഞാൻ പ്രസംഗത്തിൽ സൂചിപ്പിച്ചത്. അതിൻ്റെ അർത്ഥം അദ്ദേഹം ബി.ജെ.പിയിൽ വരുമെന്നൊ ഞങ്ങൾ ക്ഷണിച്ചെന്നൊ അർത്ഥമില്ല: അദ്ദേഹം സത്യസന്ധനായ കമ്മ്യൂണിസ്റ്റാണ് എന്നും ഞാൻ പറഞ്ഞു.

ഒരു കാര്യം പറയട്ടെ ഇന്ന് മാർക്സിസ്റ്റ് പാർട്ടി മതമൗലികവാദികളുടെ നീരാളിപ്പിടുത്തത്തിലാണ്. സഖാവ് ജി.സുധാകരൻ അടക്കമുള്ളവരോട് CPM നേതൃത്യം കാണിക്കുന്ന പരിഹാസ്യമായ അവഗണന ക്രൂരതയാണ്.ഇത് ചൂണ്ടിക്കാണിക്കാൻ പൊതു പ്രവർത്തകർ എന്ന നിലയിൽ എനിക്കും അവകാശമുണ്ട്. നിസ്വാർത്ഥനും അഴിമതി ഇല്ലാത്ത പൊതുപ്രവർത്തകനായ ജി.സുധാകരനെ CPM ന് വേണ്ടങ്കിലും കേരളത്തിന് ആവശ്യമുണ്ട്.ബി.ജെ.പി ഉയർത്തിയ ചില ചിന്താശയങ്ങളിൽ അദ്ദേഹം മനസ്സുകൊണ്ട് അംഗീകരിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഒന്ന് പറഞ്ഞ് നിർത്തട്ടെ വിനയവും | ലാളിത്യവും സത്യസന്ധതയും നിറഞ്ഞ വ്യക്തിത്വമാണ് ജീ.സുധാകരൻ '....




SCROLL FOR NEXT