NEWSROOM

സിപിഎമ്മിന് എന്താണ് അമ്പലത്തിൽ കാര്യം? കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ടിടുന്നതാണ്; വിമർശനവുമായി കെ. സുരേന്ദ്രൻ

മുഖ്യമന്ത്രി ഹിന്ദുക്കളുടെ മേൽ കുതിര കേറുന്നു. മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിപിഎമ്മിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന് എന്താണ് അമ്പലത്തിൽ കാര്യമെന്ന് ചോദിച്ച സുരേന്ദ്രൻ, നിലവിൽ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ടിടുന്നതാണെന്നും പറഞ്ഞു. ഹിന്ദുക്കളുടെ മേൽ കുതിര കേറുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സനാതന ധർമം അശ്ലീലമാണെന്ന എം.വി. ഗോവിന്ദൻ്റെ പ്രസ്താവന ബാലിശമാണെന്നും, ഇത്തരം വാക്കുകൾ ഭാരതീയരെ അപമാനിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിനല്ലാതെ ഇത്തരം വൃത്തികേടുകൾ പുലമ്പാൻ മറ്റാർക്കും ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവിന്ദനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.



"പർദ കേരളത്തിൻ്റെ വസ്ത്രമാണോ, 25 വർഷം കൊണ്ട് കറുത്ത തുണി എങ്ങനെ കേരളത്തിലെ വേഷമായി മാറി?, പിണറായി വിജയന് അതേക്കുറിച്ച് ഒന്നും മിണ്ടാനില്ല", കെ. സുരേന്ദ്രൻ പറഞ്ഞു. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാം എന്ന ത്രികാല ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. 99 ശതമാനം മുസ്ലീം ദേവാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമില്ല.  മുസ്ലീം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രാർഥിക്കാൻ അനുവദിക്കണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രൻ ചോദ്യമുന്നയിച്ചു. കേരളം വലിയ പരിഷ്കൃത സമൂഹമാണെന്നും, ഞങ്ങൾ വലിയ വിപ്ലവകാരികളാണെന്നും പറഞ്ഞു നടക്കുന്നവർ എന്തുകൊണ്ട് ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും, ചോദ്യമുന്നയിക്കാനുള്ള അന്തസും ആർജവവും സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ ഇല്ലെന്നും, സുരേന്ദ്രൻ വിമർശനമുന്നയിച്ചു.

എല്ലാ പരിഷ്കാരങ്ങളും ഉണ്ടാക്കിയത് ഹിന്ദുക്കളാണ്. അയിത്തവും, അനാചാരവും, നിലനിന്നിരുന്ന സ്ഥലത്ത് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. ഇതിലൊക്കെ കാര്യമായ മാറ്റം കൊണ്ടുവന്നത് നവോത്ഥാന നേതാക്കൾ തന്നെയാണ്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, നേതാക്കൾക്ക് ഇതിൽ യാതൊന്നും അവകാശപ്പെടാനുള്ള അവകാശമില്ല. ശ്രീനാരായണ ഗുരുവിനെ വെറും നാരായണൻ എന്നു വിളിച്ച, ഇവർ ഗുരുദേവനെ അംഗീകരിക്കാൻ തയ്യാറല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പിന് ഒരു പ്രശ്നവുമില്ലെന്ന് അറിയിച്ച സുരേന്ദ്രൻ, കാര്യങ്ങൾ കൃത്യസമയത്ത് തന്നെ നടക്കുമെന്ന് പറഞ്ഞു. ബിജെപി കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളുകളെ തെരഞ്ഞെടുക്കുന്ന പാർട്ടിയാണ്. കോൺഗ്രസിൻ്റെയോ സിപിഎമ്മിൻ്റെയോ കാര്യത്തിൽ അതല്ല സ്ഥിതിയെന്നും പറഞ്ഞ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരില്ലെന്ന സൂചനയാണ് ഇതെന്ന വിലയിരുത്തലും ഉണ്ട്.

SCROLL FOR NEXT