ശബരിമല തീർത്ഥാടന കാലഘട്ടത്തിൽ സംഘർഷമുണ്ടാക്കാന്‍ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കഴിഞ്ഞ തവണ ദേവസ്വം വകുപ്പ് നടത്തിയ പരിഷ്കാരങ്ങൾ അയ്യപ്പന്മാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയൊന്നും ആയിട്ടില്ല. പല കാരണങ്ങൾ കൊണ്ട് ഓൺലൈൻ ബുക്കിങ് നടത്താൻ കഴിയാത്തവർ ഉണ്ടാകും. ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രമെ ദർശനം അനുവദിക്കൂവെന്ന സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും തീരുമാനം ഏകപക്ഷീയമാണെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തി.
ശബരിമലയിൽ എത്തുന്ന മുഴുവൻ അയ്യപ്പ ഭക്തന്മാർക്കും ദർശനം നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ബിജെപി ഒരുക്കും. ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയാൽ ആ നിയന്ത്രണം മറികടന്ന് ഭക്തന്മാർക്ക് സന്നിധാനത്ത് എത്താനും ദർശനം നടത്താനും അവസരമൊരുക്കും. സർക്കാരും ദേവസ്വം ബോർഡും സ്ത്രീകളെ കയറ്റാൻ നോക്കിയിട്ട് നടന്നില്ലല്ലോ. അയ്യപ്പ ഭക്തന്മാരുടെ മനോവീര്യത്തെ സർക്കാർ വെല്ലുവിളിക്കേണ്ട. ഒരു പ്രാവശ്യം വെല്ലുവിളിച്ച് തോറ്റുപോയതാണെന്നും എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പി.വി. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവ് നേതാവ് അന്വേഷണം വേണമെന്ന് പോലും പറയുന്നില്ല. മലപ്പുറം ജില്ലയുടെ പേര് പറയുന്നതിലാണ് വി.ഡി. സതീശന് പ്രശ്നം. കരിപ്പൂരിൽ കള്ളക്കടത്ത് നടത്തുന്നുവെന്നാണ് പി.വി. അൻവർ പറഞ്ഞത്. അത് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്നാണ് പിണറായി പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കണമെന്ന് എന്തുകൊണ്ട് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ല. ആളുകളെ തട്ടിക്കൊണ്ട് പോകുന്ന കാര്യം പി.വി. അൻവർ പറഞ്ഞിരുന്നു. ആ വിഷയത്തിൽ എന്ത് അന്വേഷണമാണ് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. പ്രതിപക്ഷം ആവശ്യത്തിനും അനാവശ്യത്തിനും ബിജെപിയെ വലിച്ചിഴച്ച് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും എം.ടി. രമേശ് ആരോപിച്ചു.
കരിപ്പൂര്‍ വഴിയുള്ള കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി വെറുതെ പറയില്ല. അദ്ദേഹത്തിനാണല്ലോ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. പിന്നീട് ഇക്കാര്യം തിരുത്തിയത് സമ്മര്‍ദത്തിന്‍റെ ഭാഗമായാണ്. മുഖ്യമന്ത്രി ഉന്നയിച്ച ഈ വിഷയത്തില്‍ അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. പൊലീസിന് കൂടി എതിരായ ആരോപണം ഡിജിപി അന്വേഷിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷണമാണ് വേണ്ടതെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.