NEWSROOM

'പിണറായിയെ പ്രശംസിച്ച തരൂർ കേരളത്തിലെ UDF-LDF സൗഹൃദത്തിന്‍റെ തെളിവ്'; വികസനത്തിന്‍റെ ക്രെഡിറ്റ് മോദിക്ക് നല്‍കി ജാവദേക്കർ

'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ശശി തരൂരിന്റെ ലേഖനമാണ് വ്യവസായ രം​ഗത്തെ മാറ്റങ്ങളെ പ്രതി മുന്നണികൾക്കിടയിലും ഉള്ളിലും വലിയ തർക്കങ്ങൾക്ക് കാരണമായത്

Author : ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് എംപി ശശി തരൂർ പിണറായിയെ പ്രശംസിച്ചത് കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് ബാന്ധവത്തിന്റെ തെളിവെന്ന് ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കർ. 2014ൽ രാജ്യത്ത് ആകമാനം 400 സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത്, ഒരു ലക്ഷത്തിനാൽപതിനായിരം ആയെന്നത് തരൂർ മനസിലാക്കണം. ഇതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണെന്നും പ്രകാശ് ജാവദേക്കർ എക്സിൽ കുറിച്ചു.

'പിണറായി വിജയനെ പ്രശംസിച്ച ശശി തരൂരും എൽഡിഎഫുമായി ചേർന്ന് യുഡിഎഫ് സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചതും എൽഡിഎഫും യുഡിഎഫും എല്ലായിടത്തും സുഹൃത്തുക്കളാണെന്ന് വീണ്ടും തെളിയിച്ചു. കേരളത്തിൽ അവർ ഒരു കപട പോരാട്ടമാണ് നടത്തിയത്. ഈ വഞ്ചനയ്ക്ക് കേരളത്തിലെ വോട്ടർമാർ അവരെ പാഠം പഠിപ്പിക്കും. മിസ്റ്റർ തരൂർ, 2014 ൽ രാജ്യത്ത് 400 സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നിങ്ങൾക്ക് നന്നായി അറിയാം, ഇപ്പോൾ അത് 1,40,000 ആയി. ഇതിന്‍റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്', പ്രകാശ് ജാവദേക്കർ എക്സിൽ കുറിച്ചു.

'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ശശി തരൂരിന്റെ ലേഖനമാണ് വ്യവസായ രം​ഗത്തെ മാറ്റങ്ങളെ പ്രതി മുന്നണികൾക്കിടയിലും ഉള്ളിലും വലിയ തർക്കങ്ങൾക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്. ലേഖനം വന്നതിനു പിന്നാലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങൾ ലേഖകനായ കോൺഗ്രസ് എംപി അവ​ഗണിച്ചുവെന്ന തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയെ മനപൂർവം ഒഴിവാക്കിയതല്ലെന്നും ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം വ്യവസായ രം​ഗത്തെ സിപിഎമ്മിൻറെ നയമാറ്റവും അത് കേരളത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ എന്നുമായിരുന്നു എന്നാണ് തരൂരിന്റെ വിശദീകരണം.

അതേസമയം, തരൂരിന്റെ വാദങ്ങളെ തള്ളുന്നതായിരുന്നു ലേഖനത്തിനു മേലുള്ള മുൻ വ്യവസായ മന്ത്രിയും മുസ്ലീം ലീ​ഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. കേരളത്തിൽ വ്യവസായ രംഗത്ത് വലിയ മാറ്റം വരുത്തിയത് യുഡിഎഫ് സർക്കാരുകളുടെ കാലത്താണെന്ന് മുസ്ലീം ലീ​ഗ് നേതാവ് ചൂണ്ടിക്കാട്ടി. വ്യവസായ രംഗത്ത് പോസിറ്റീവ് നയം എടുക്കാൻ കഴിയാത്തതായിരുന്നു ഇടതു നയം. വ്യാവസായിക മേഖലയിൽ യുഡിഎഫ് സർക്കാരുകൾക്കുണ്ടായ വേഗത എൽഡിഎഫ് സർക്കാരിനില്ല. കിൻഫ്ര പാർക്ക് എന്ന ആശയം വന്നതു മുതലാണ് കൂടുതൽ വ്യവസായങ്ങൾ കേരളത്തിലേക്ക് വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SCROLL FOR NEXT