സുരേഷ് ഗോപി ആശമാരുടെ സമരപന്തലില്‍ 
NEWSROOM

'ആശാ വ‍ർക്കർമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തു'; സംസ്ഥാന സർക്കാർ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തില്ലെങ്കില്‍ അടുത്ത ഗഡു ലഭിക്കില്ലെന്ന് സുരേഷ് ഗോപി

തന്റെ നേതാവ് സർജിക്കൽ സ്ട്രൈക്കിന്റെ ആളാണെന്നും അവിടെ നിന്ന് അതു പ്രതീക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി മുന്നറിയിപ്പ് നൽകി.

Author : ന്യൂസ് ഡെസ്ക്

ആശാ വ‍ർക്കർമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അത് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു ലഭിക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലിൽ എത്തി ആശാ വർക്കർമാരെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.


സിക്കിം സർക്കാർ മാത്രമാണ് തൊഴിലാളി എന്ന വിഭാ​ഗത്തിൽ നിങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം ഇത് ചെയ്യാം. ഇവിടെ ശ്രീ ശിവൻകുട്ടിയും ശ്രീമതി വീണാ ജോർജും വിചാരിച്ചാൽ നിങ്ങളെ ആ കാറ്റ​ഗറിയിൽപ്പെടുത്താൻ സാധിക്കും. പക്ഷേ ഞാൻ അവരുടെ തലയിൽ അതൊരു ഭാരമായി വയ്ക്കില്ല. കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. ആ ബോധം വച്ചുകൊണ്ട് രാഷ്ട്രീയം കളിച്ച് നിങ്ങൾ ചെയ്യ് എന്ന് ഞാൻ പറയില്ല. പക്ഷേ വളരെ മോശമായി പോയി, നിങ്ങൾ ഡൽഹിയിൽ പോ, ഞാൻ കൂടെ വന്ന് സമരം ചെയ്യാമെന്ന്, പറഞ്ഞത്. വഞ്ചന. ധൈര്യമുണ്ടെങ്കിൽ വന്ന് സമരം ചെയ്യാൻ പറ. പറ്റില്ല, ഒരു മന്ത്രിക്ക് അത് പറ്റില്ല - സുരേഷ് ​ഗോപി ആശാ വർക്കർമാരോട് പറഞ്ഞു.


ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കണമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിക്കണം. തന്റെ നേതാവ് സർജിക്കൽ സ്ട്രൈക്കിന്റെ ആളാണെന്നും അവിടെ നിന്ന് അതു പ്രതീക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി മുന്നറിയിപ്പ് നൽകി.

ആശാ വർക്കർമാരുടെ വേതന വർധന പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിൽ അറിയിച്ചിരുന്നു. ആശാ വർക്കർമാർക്ക് കൊടുക്കാനുള്ള കേന്ദ്രവിഹിതം കേരളത്തിന് നൽകിയിട്ടുണ്ടെന്നും, ജെ.പി. നഡ്ഡ പറഞ്ഞു. രാജ്യസഭയിലെ സിപിഐഎം അം​ഗം സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറഞ്ഞത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്നതിനിടെയാണ് കേന്ദമന്ത്രിയുടെ പ്രഖ്യാപനം.

ആശാ വർക്കർമാർക്ക് ശമ്പളം നൽകാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയെന്നും കേന്ദ്രത്തിൻ്റെ വാദം. എന്നാല്‍ കേന്ദ്രം ഇന്‍സെന്‍റീവ് മുടക്കിയെന്നാണ് കേരള സർക്കാരിന്‍റെ മറുവാദം. ബജറ്റിൽ പ്രഖ്യാപിച്ച 930.8 കോടി രൂപയ്ക്ക് പുറമെ കേരളത്തിന് 125 കോടി രൂപ അധികം നൽകിയെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുരേഷ് ഗോപി കണക്കുകൾ പുറത്ത് വിട്ടത്. ആശാവർക്കർമാരെ പുകഴ്ത്തിയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ പ്രതികരണം.

ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, ഇതിൻ്റെ ഭാഗമായി ഈ മാസം 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്നും ആശാവർക്കർമാർ അറിയിച്ചു. സമരം തുടങ്ങി ഒരു മാസത്തോളമായിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നിയമലംഘന സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

SCROLL FOR NEXT