NEWSROOM

വിനേഷ് ഫോഗട്ടിനെതിരെ മത്സരിക്കാൻ യുവ നേതാവ്; ഹരിയാന തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ഇതോടെ 90 അംഗ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 87 സ്ഥാനാർഥികളുടെ പേരും ബിജെപി പുറത്തുവിട്ട് കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. 21 സ്ഥാനാർഥികളുടെ പേരുകൾ ഉൾപ്പെടുന്ന പട്ടികയാണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്. 90 അംഗ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 87 സ്ഥാനാർഥികളുടെ പേരും ബിജെപി പുറത്തുവിട്ട് കഴിഞ്ഞു. ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും ഗുസ്തിതാരവുമായ വിനേഷ് ഫോഗട്ടിനെതിരെ മത്സരിക്കാൻ മുൻ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെ ആണ് ബിജെപി കളത്തിലിറക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഉൾപ്പെടെയുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ പേര് ഉൾപ്പെടുത്തിയിരുന്നു. നയാബ് സിംഗ് സൈനിയെ കർണാൽ മണ്ഡലത്തിൽ നിന്ന് മാറ്റി ലഡ്‌വയിലേക്കാണ് പാർട്ടി മത്സരിപ്പിക്കുന്നത്. കർണാലിൽ തോൽവി ഭയന്നാണ് മുഖ്യമന്ത്രിയുടെ മണ്ഡലമാറ്റം. 2014 മുതൽ തുടർച്ചയായി ഭരണത്തിലുള്ള ബിജെപിക്ക് ഭരണ വിരുദ്ധത ഇത്തവണ പ്രധാന വെല്ലുവിളിയാണ്.

ബാദ്‌ലി മണ്ഡലത്തിൽ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിയുമായ ഓം പ്രകാശ് ധങ്കർ മത്സരിക്കും. അംബാല കാൻ്റിൽ നിന്ന് മത്സരിക്കുന്ന മുതിർന്ന പാർട്ടി നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ അനിൽ വിജാണ് ബിജെപിയുടെ മറ്റൊരു പ്രധാന സ്ഥാനാർഥി.

അതേസമയം, ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബിജെപിയിൽ പാർട്ടിയിൽ ഭിന്നതകൾ രൂക്ഷമായിരുന്നു. ജെജെപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന മൂന്ന് മുൻ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സീറ്റ് നേടിയപ്പോൾ ബിജെപിയുടെ ഒമ്പത് സിറ്റിങ്ങ് എംഎൽഎമാർ പട്ടികയിൽ നിന്ന് പുറത്തായി. ഇതിൽ അതൃപ്തിയുമായി മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.

സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് മന്ത്രി രഞ്ജിത് സിം​ഗ് ചൗട്ടാലയും, എംഎൽഎ ലക്ഷ്‌മൺദാസ്‌ നാപ്പയും ഒബിസി മോർച്ച അധ്യക്ഷൻ കരൺദേവ്‌ കംബോജും പാർട്ടി വിട്ടു. സംസ്ഥാന ഉപാധ്യക്ഷൻ ജി.എൽ. ശർമ, മുൻ മന്ത്രി ബച്ചൻസിംഗ് ആര്യ, കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷൻ സുഖ്‌വീന്ദർ മണ്ഡി തുടങ്ങിയവരും പല ജില്ലാ നേതാക്കളും കൂട്ടരാജി നൽകി. മുൻ മന്ത്രിമാരായ കവിതാ ജയിനും സാവിത്രി ജിൻഡാലും സഹമന്ത്രി ബിഷംബർ സിംഗും പരസ്യ വിമർശനം നടത്തിക്കഴിഞ്ഞു. വിമത സ്ഥാനാർത്ഥിയാകാനാണ് പലരുടേയും നീക്കം.

അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ നിരവധി രാഷ്ട്രീയ നേതാക്കൾക്കാണ് പാർട്ടി സ്ഥാനാർഥിത്വം സമ്മാനമായി നൽകിയത്. മുൻ ജനനായക് ജനതാ പാർട്ടി നേതാവ് (ജെജെപി) ദേവേന്ദർ സിംഗ് ബബ്ലി തോഹാന മണ്ഡലത്തിൽ മത്സരിക്കും. അടുത്തിടെ പാർട്ടിയിലെത്തിയ മുൻ ഹരിയാന മുഖ്യമന്ത്രി ബൻസി ലാലിൻ്റെ ചെറുമകൾ ശ്രുതി ചൗധരി തോഷാമിൽ നിന്ന് മത്സരിക്കും.

ഹരിയാന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിക്ക് പിന്നാലെ കോൺഗ്രസിലും തർക്കം രൂപപ്പെട്ടിരുന്നു. ഗർഹി സാംപ്ല- കിലോയിയിൽ നിന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ജുലാനയിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഹോഡലിൽ നിന്ന് സംസ്ഥാന ഘടകം മേധാവി ഉദയ് ഭാൻ എന്നിവരുൾപ്പെടെ 32 പേരെ ഉൾപ്പെടുത്തിയാണ് കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.

SCROLL FOR NEXT