NEWSROOM

"പണവും സമയവും പാഴാക്കാനില്ല"; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിക്ക് താൽപര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ഏഴ്, എട്ട് മാസം ഭരണകാലത്തേക്കായുള്ള ഒരു തെരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പക്ഷം

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പണവും സമയവും മുടക്കുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവന. ബിജെപി ലക്ഷ്യം വെക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

ഏഴ്, എട്ട് മാസം ഭരണകാലത്തേക്കായുള്ള ഒരു തെരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പക്ഷം. ന്യൂനപക്ഷം കൂടുതലുള്ള പ്രദേശമാണ് നിലമ്പൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും അവിടെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിഡിജെഎസ് പോലുള്ള സഖ്യകക്ഷികളെ സ്ഥാനാർഥിയാക്കുന്ന കാര്യം പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.


ALSO READ: അന്‍വറിന് വഴങ്ങാതെ കോണ്‍ഗ്രസ്‍; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥി

സ്ഥാനാർഥിത്വത്തിൽ എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കുമെന്നും എൻഡിഎ യോഗം ചേരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. പാർട്ടി ഒറ്റക്കെട്ടാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടും. എൻഡിഎ എന്ന നിലയിൽ നിലമ്പൂരിൽ എന്ത് ചെയ്യാനവുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരള ജനതയ്ക്കു മേൽ അടിച്ചേൽപ്പിച്ചതാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാജീവ്‌ ചന്ദ്രശേഖർ ഉയർത്തിയ ആരോപണം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തുകയാണെന്നും അതിനാൽ ആരെങ്കിലും ജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയില്ലെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടിരുന്നു.


അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തില്‍ പി.വി. അൻവറിന്റെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങിയിട്ടില്ല. ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും എന്നാണ് പുറത്തുവരുന്ന വിവരം. അൻവറിന്റെ സമ്മർദത്തിന് പിന്നിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗമാണെന്നാണ് സൂചന. യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടായേക്കും.


SCROLL FOR NEXT