പത്തുവർഷം ഭരിച്ച ആംആദ്മി പാർട്ടിയെ നിലതൊടാതെ തോൽപ്പിച്ചാണ് ഇത്തവണ ഡൽഹി തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയത്. മുൻ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഎപിയിലെ പ്രമുഖരെല്ലാം തോറ്റുമടങ്ങിയ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ നേട്ടം കൊയ്തു.27 വർഷത്തിനുശേഷമാണ് ബിജെപി രാജ്യതലസ്ഥാനത്ത് ഭരണം നേടുന്നത്. ഇനി ഡൽഹി മുഖ്യമന്ത്രിയാരെന്ന ചോദ്യമാണ് ഉയരുന്നത്.
ബിജെപി ക്യാമ്പിൽ അതിനുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് വിജയിച്ച പർവേഷ് വർമ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ കൂടുതലായി പുറത്തുവരുന്നത്. എഎപിയുടെ കരുത്തും,സ്ഥാപകനും മുൻമുഖ്യമന്ത്രിയും എല്ലാമായ സാക്ഷാൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തി നേടിയ വിജയം പർവേഷ് വർമ്മയ്ക്ക് ബിജെപിയിൽ പ്രത്യേക പരിഗണന ലഭിക്കാൻ കാരണമാകുമെന്നതിൽ തർക്കമില്ല.
തീരുമാനത്തിനായി അമിത് ഷാ മുതിർന്ന നേതാക്കളുമായി ചർച്ച തുടരുകയാണ്. വിജേന്ദർ ഗുപ്തയും സ്മൃതി ഇറാനിയുമാണ് പരിഗണനയിലുള്ള മറ്റുപേരുകൾ. വൈകുന്നേരം എംഎൽഎമാരുടെ യോഗം ചേർന്നതിനു ശേഷമാകും അന്തിമ തീരുമാനം.
അരവിന്ദ് കെജ്‌രിവാൾ പർവേഷ് വർമ്മയോട് പരാജയപ്പെട്ടത് സിറ്റിങ് സീറ്റായ ന്യൂഡൽഹി മണ്ഡലത്തിലാണ്. മൂന്നു തവണ ജയിച്ചുകയറിയ മണ്ഡലത്തിൽ കെജ്‌രിവാളിന് ഇക്കുറി അടിപതറിയത് 4,089 വോട്ടുകൾക്ക്. പർവേഷ് വർമ 30,088 വോട്ടുകൾ പിടിച്ചപ്പോൾ കെജ്‌രിവാളിന് നേടാനായത് 25,999 വോട്ടുകൾ. കെജ്‌രിവാളിനെ പരാജയപ്പെടുത്തി എഎപിക്ക് കനത്ത ഷോക്ക് നൽകിയ സാഹചര്യത്തിൽ പർവേഷ് വർമ്മയുടെ പേരിന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറുകയാണ്.
ഡൽഹി നിയമസഭയിലേക്കുള്ള പർവേഷ് വർമ്മയുടെ കന്നിയങ്കം 2013 ലായിരുന്നു. അന്ന് മെഹ്റൗലി മണ്ഡലത്തിൽ കോൺഗ്രസ് നേതാവും സ്പീക്കറുമായിരുന്ന യോഗാനന്ദ് ശാസ്ത്രിയെ പരാജയപ്പെടുത്തിയിരുന്നു.2014 ൽവെസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക്. പിന്നീട് പാർലമെൻ്റ് അംഗങ്ങളുടെ ശമ്പളം, അലവൻസ് ജോയിൻ്റ് കമ്മിറ്റി അംഗം, നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2019ലും വെസ്റ്റ് ഡൽഹിയിൽ നിന്ന് 5,78,486 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു. ഡൽഹിയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥി റെക്കോഡും പർവേഷ് വർമ്മയ്ക്കുണ്ട്.
അന്തരിച്ച മുതിർന്ന ബിജെപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന സാഹിബ് സിങ് വർമയുടെ മകനാണ് പർവേഷ് വർമ്മ. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മുൻ മേയറും മുൻ എംഎൽഎയുമായ ആസാദ് സിങ്ങിൻ്റെ മരുമകനുമാണ്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കിരോരി മാൽ കോളേജിൽനിന്ന് ആർട്സിൽ ബിരുദം പൂർത്തിയാക്കി. ഫോർ സ്കൂൾ ഓഫ് മാനേജ്മെൻ്റിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.