NEWSROOM

ആധിപത്യമുണ്ടായിരുന്ന മുസ്ലിം പ്രദേശങ്ങളിൽ പോലും എഎപി വോട്ടിൽ വിള്ളൽ വീണു; 11 മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിച്ച് ബിജെപി

എഎപി, കോണ്‍ഗ്രസ്, എഐഎംഐഎം സ്ഥാനാർത്ഥികളുടെ വോട്ട് വിഭജനം ബിജെപിക്ക് അനുഗ്രഹവുമായി

Author : ന്യൂസ് ഡെസ്ക്


ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മികച്ച പ്രകടനമാണ് ബിജെപി ഇത്തവണ കാഴ്ചവച്ചത്. മുസ്ലിം വോട്ടർമാർ കൂടുതലുള്ള 11 മണ്ഡലങ്ങളിൽ മൂന്നിടത്ത് ബിജെപി വിജയക്കൊടി പാറിച്ചു. എഎപി, കോണ്‍ഗ്രസ്, എഐഎംഐഎം സ്ഥാനാർത്ഥികളുടെ വോട്ട് വിഭജനം ബിജെപിക്ക് അനുഗ്രഹവുമായി.

2013 മുതൽ തുടർച്ചയായി ആധിപത്യം നിലനിർത്തിയ മുസ്ലിം പ്രദേശങ്ങളിൽ പോലും ആം ആദ്മി പാർട്ടിയുടെ വോട്ടിൽ വിള്ളൽ വീണു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭൂരിപക്ഷം വെട്ടിക്കുറച്ച ഇൻഡ്യാ സഖ്യം ഭിന്നിച്ച് മത്സരിച്ചതും എഎപിയുടെ പതനത്തിൻ്റെ ആക്കം കൂട്ടി.

മുസ്ലിം വോട്ടുകൾ കൂടുതലായുള്ള മൂന്ന് പ്രധാന മണ്ഡലങ്ങൾ ഇത്തവണ ബിജെപിക്ക് അനുകൂലമായി. മുസ്തഫാബാദ്, ജംഗ്പുര, കർവാൾ നഗർ ബിജെപി പിടിച്ചപ്പോൾ, ചാന്ദ്‌നി ചൗക്ക്, മാതിയ മഹൽ, സീലംപൂർ, ബാബർപൂർ, ഓഖ്ല, ബല്ലിമാരാൻ എന്നിവ എഎപി നിലനിർത്തി.

ഡൽഹി കലാപത്തിലടക്കം വിദ്വേഷ പരാമർശങ്ങളിലൂടെ നിറഞ്ഞുനിന്ന കപിൽ മിശ്ര, 23,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കർവാൾ നഗറിൽ വിജയിച്ചത്. മുസ്ലിം ഭൂരിപക്ഷ സീറ്റായ ജംഗ്പുരയിലും ബിജെപിയുടേത് അട്ടിമറി ജയം. മണ്ഡലം മാറി ജംഗ്പുരയിൽ മത്സരിച്ച മനീഷ് സിസോദിയയുടെ തോൽവിക്ക് കോൺഗ്രസ് സ്ഥാനാർത്ഥി ഏഴായിരത്തിലേറെ വോട്ട് പിടിച്ചത് കാരണമായി.

2020 ലെ ഡൽഹി കലാപം ബാധിച്ച മുസ്തഫാബാദിലെ ബിജെപി വിജയം എഎപിയെ ഞെട്ടിച്ചു. 40 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകളിൽ നല്ലൊരു പങ്ക് ബിജെപിക്ക് അനുകൂലമായെന്ന് കരുതാം. എഎപിയുടെ ആദിൽ അഹമ്മദ് ഖാൻ, കോൺഗ്രസിൻ്റെ അലി മെഹ്ദി, എഐഎംഐഎമ്മിൻ്റെ താഹിർ ഹുസൈൻ എന്നിവർക്കെതിരെ 17,578 വോട്ടുകൾക്കാണ് മോഹൻസിങ് ബിഷ്ടിന്റെ ജയം.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വായു -ജല മലിനീകരണം, മാലിന്യ പ്രശ്നം ന്യൂനപക്ഷ മണ്ഡലങ്ങളിലടക്കം ബിജെപിക്ക് വളക്കൂറായി. സാധാരണക്കാരോടും റെസിഡൻ്റ് അസോസിയേഷനുകളുമായും ഇടപഴകി ബിജെപി ഈ അതൃപ്തി മുതലെടുത്തു. സാമുദായിക വോട്ടുകളിലെ എതിർ ധ്രുവീകരണ തരംഗവും ബിജെപിക്ക് അനുകൂലമായി പ്രതിഫലിച്ചു. പൂർവാഞ്ചലി വോട്ടർമാർ ബിജെപിയിലേക്ക് ചായ്ഞ്ഞതും എഎപി വോട്ടിൽ ഇടിവുണ്ടാക്കി. 40 ശതമാനത്തോളം മധ്യവർഗ വോട്ടുകളും വൻതോതിൽ ബിജെപിയിലേക്ക് തിരിഞ്ഞു.

SCROLL FOR NEXT