NEWSROOM

"തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ട്"; ആർഎസ്എസ് ബന്ധം തള്ളി എം.വി. ഗോവിന്ദന്‍

തൃശൂരിൽ സിപിഎമ്മിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അവാസ്തവമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

Author : ന്യൂസ് ഡെസ്ക്

തൃശൂരിൽ സിപിഎമ്മിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അവാസ്തവമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.  എഡിജിപിയെ അടിസ്ഥാനപ്പെടുത്തി സിപിഎം ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടാക്കേണ്ട ആവശ്യമില്ല. ആർഎസ്എസുമായി തൃശ്ശൂരിൽ ബന്ധമുണ്ടാക്കിയത് കോൺഗ്രസാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. പാർട്ടി സെക്രട്ടേറിയറ്റിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം.വി. ഗോവിന്ദന്‍.

കോണ്‍ഗ്രസ് ബിജെപിയുമായി ആദ്യം ബന്ധം ഉണ്ടാക്കിയത് നേമത്ത്. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ടാണ്. കോൺഗ്രസിന് 86,000 വോട്ട് കുറഞ്ഞു. പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. 18 സിപിഎം പ്രവർത്തകരെ കഴിഞ്ഞ എട്ട് വർഷം കൊണ്ട് ആർഎസ്എസുകാർ കൊലപ്പെടുത്തിയെന്നും സിപിഎം സെക്രട്ടറി ഓർമിപ്പിച്ചു.


എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടാലും കണ്ടില്ലെങ്കിലും പ്രശ്നമില്ല. കാണുന്നോ ഇല്ലയോ എന്നത് സിപിഎമ്മിന് ബാധകമായ വിഷയമല്ല. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ എഡിജിപിക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി പോയി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് പിണറായി വിജയന്‍റെ അറിവോടെയാണെന്നായിരുന്നു ആരോപണം. അതിന് നേതൃത്വം നൽകിയത് എഡിജിപി എം.ആർ. അജിത് കുമാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കുകയായിരുന്നു എന്നാണ് സതീശന്‍റെ പ്രധാന ആരോപണം. 2023 മെയ് 20-22 തീയതിയില്‍ പാറമേക്കാവിൽ ആർഎസ്എസ് ക്യാംപ് നടന്നിരുന്നു. വിദ്യാമന്ദിർ ഹാളിൽ വെച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. എന്ത് കാര്യത്തിനാണ് ഉന്നത ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചത്? ആ ബന്ധമാണ് തൃശൂരിൽ കണ്ടത്. പൂരത്തിൽ പൊലീസ് കമ്മീഷണർ അഴിഞ്ഞാടി എന്നായിരുന്നു സിപിഎം വിശദീകരണം. ആ സമയത്ത് എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ട് ഇടപെട്ടില്ലെന്നും സതീശന്‍ ചോദിച്ചു.

സിസിടിവി പരിശോധിച്ചാൽ എഡിജിപി-ആർഎസ്എസ് ജനറൽ സെക്രട്ടറി കൂടിക്കാഴ്ച വ്യക്തമാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനാണ് മുഖ്യമന്ത്രി എഡിജിപിയെ ആർഎസ്എസ് നേതാവിനെ കാണാനായി അയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു കൂടിക്കാഴ്ച. ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടക്കുന്ന മുഖ്യമന്ത്രി എന്തിന് അജിത് കുമാറിനെയും പി. ശശിയെയും ഭയക്കുന്നുവെന്നും സതീശന്‍ ചോദിച്ചു.

SCROLL FOR NEXT