തമിഴ്നാട് കുഴിത്തുറയിൽ സനാതന ധർമത്തെക്കുറിച്ച് സംസാരിച്ച് മടങ്ങവെ ബിജെപി പ്രവർത്തകർ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ദലിത് പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ടി.എസ്. ശ്യാംകുമാർ. കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ശ്യാംകുമാർ പറയുന്നത്. സിപിഐഎം സനാതനധർമത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിനിടെയായിരുന്നു സംഭവം.
പരിപാടി സംഘടിപ്പിച്ച സിപിഐഎം പ്രവർത്തകരുടെ സമയോചിത ഇടപെടൽ കാരണമാണ് താൻ രക്ഷപ്പെട്ടതെന്ന് ശ്യാംകുമാർ ഫേസ്ബുക്കില്‍ കുറിച്ചു. പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയിൽ ഹിന്ദുത്വർ സിപിഐഎം നേതാക്കളെ ആക്രമിച്ചുവെന്നും പ്രദേശത്ത് സംഘർഷം തുടരുകയാണെന്നും കുറിപ്പിൽ പറയുന്നു.
ടി.എസ്. ശ്യാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തമിഴ്നാട് കുഴിത്തുറയിൽ സി.പി.എം സനാതനധർമത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികൾ റോഡിൽ തടയുകയും എന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സഖാക്കളുടെ സമയോചിതമായ ഇടപെടലാണ് ആക്രമണത്തെ തടഞ്ഞത്. എന്റെ പ്രസംഗത്തോടുള്ള അസഹിഷ്ണുത നിമിത്തം കുഴിത്തുറയിൽ ഹിന്ദുത്വർ സി പി എം നേതാക്കളെ ആക്രമിച്ചു. പ്രദേശത്ത് സംഘർഷം
തുടരുകയാണ്.