NEWSROOM

തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം; നാല് മരണം

പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലയില്‍ രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിൽ നാല് പേർ മരണപ്പെടുകയും, രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. തൊഴിലാളികള്‍ വെടിമരുന്ന് നിറയ്ക്കുന്ന പ്രവൃത്തിയിലായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായി പത്തിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആദ്യ കെട്ടിടത്തില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ മറ്റുള്ളവര്‍ പുറത്തേക്ക് ഓടിമാറി. 

ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍, മോഹന്‍, ശെല്‍വകുമാര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സമീപവാസികള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാലയുടെ ഭാഗമായ മൂന്ന് കെട്ടിടങ്ങളും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാസവസ്തുക്കളും, പടക്കനിർമാണ സാമ​ഗ്രികളും കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവാണ് അപകടത്തിൽ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ട നാലുപേരുടെയും കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT