NEWSROOM

ഇംഗ്ലീഷ് ചാനലിൽ ബോട്ടപകടം; ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച നാല് കുടിയേറ്റക്കാർ മരിച്ചു

ഇത്തരത്തിൽ അനധികൃത ചാനൽ ക്രോസിംഗുകൾ സംഘടിപ്പിക്കുന്നതിന് ഉത്തരവാദികളായ ക്രിമിനൽ സംഘങ്ങളെ തടയുമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാമർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനൽ വഴി കടക്കാൻ ശ്രമിച്ച ബോട്ട് അപകടത്തിൽ പെട്ടു. സംഭവത്തിൽ നാല് കുടിയേറ്റക്കാർ മുങ്ങി മരിച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. കുടിയേറ്റക്കാരുമായി പുറപ്പെട്ട കാറ്റ് നിറച്ച ബോട്ട് ബൊലോൺ-സുർ-മെർ തീരത്ത് വെച്ച് മറിയുകയായിരുന്നു. ഇതിൽ 56 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് തീരസംരക്ഷണ സംഘം അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെ തിങ്ങി നിറഞ്ഞ രീതിയിൽ കപ്പൽ കണ്ടിരുന്നതായി ഫ്രഞ്ച് നാവിക സേന വ്യക്തമാക്കി.

ഫ്രഞ്ച് സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ബോലോൺ-സുർ-മെറിന് സമീപം തീരത്ത് നിന്ന് ബോട്ട് യാത്ര തിരിച്ചത്. സംഘം സഞ്ചരിച്ചിരുന്ന എയർ ബോട്ടിലെ ട്യൂബുകളിലൊന്നിൽ നിന്ന് കാറ്റൊഴിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച നാല് പുരുഷൻമാരും എത്യോപ്യ അല്ലെങ്കിൽ സൊമാലിയ നിവാസികളാണെന്നാണ് അധികൃതരുടെ നിഗമനം.

തകർന്ന ബോട്ടിൻ്റെ ഭാഗങ്ങളിൽ പിടിച്ചാണ് നിരവധി ആളുകൾ രക്ഷപ്പെട്ടത്. ബോട്ട് നിലവാരമില്ലാത്തതാണെന്നും കുടിയേറ്റക്കാരിൽ ഒരാൾ മാത്രമാണ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും മത്സ്യബന്ധന ബോട്ടും രക്ഷാദൗത്യത്തിൽ പങ്കാളികളായി. രക്ഷിച്ചവരെ വൈദ്യസഹായത്തിനും താൽക്കാലിക പാർപ്പിടം ലഭ്യമാക്കുന്നതിനുമായി ബൊലോണിലെ കരയിലേക്ക് കൊണ്ടുവന്നതായും അധികൃതർ വ്യക്തമാക്കി. 

കിയർ സ്റ്റാമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇംഗ്ലീഷ് ചാനലിൽ സംഭവിക്കുന്ന ആദ്യ അപകടമാണിത്. ഇത്തരത്തിൽ അനധികൃത ചാനൽ ക്രോസിംഗുകൾ സംഘടിപ്പിക്കുന്നതിന് ഉത്തരവാദികളായ ക്രിമിനൽ സംഘങ്ങളെ തടയുമെന്ന് നേതാവ് വ്യക്തമാക്കി. എന്നാൽ വേനൽക്കാല മാസങ്ങളിൽ ക്രോസിംഗുകൾ വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നയം വേഗത്തിൽ നടപ്പിലാക്കാൻ സാധ്യതയില്ല.





SCROLL FOR NEXT